Sorry, you need to enable JavaScript to visit this website.

പിഎം കെയര്‍ ഫണ്ട് ഓഡിറ്റ് ചെയ്യപ്പെടണം, രേഖകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണം; പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- കോവിഡ് പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ച പിഎം കെയര്‍ ഫണ്ട് ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പ് വരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഭിച്ചതും ചെലവഴിച്ചതുമായ പണത്തിന്റെ രേഖകള്‍ പൊതുജനത്തിന് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

"റെയിൽ‌വേയില്‍നിന്നും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും പി‌എം കെയേഴ്സ് ഫണ്ടിന് വലിയ സംഭാവനകൾ ലഭിച്ചിട്ടുണ്ട്. ഫണ്ട് ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട് എന്നും സ്വീകരിച്ചതും ചെലവഴിച്ചതുമായ പണത്തിന്റെ രേഖകള്‍ പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയാണ്" ഗാന്ധി ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ, കോർപ്പറേറ്റുകൾ, വ്യവസായികള്‍, സെലിബ്രിറ്റികള്‍, പൊതുജനങ്ങള്‍ എന്നിവരോട് പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ പ്രധാനമന്ത്രി നിരവധി അഭ്യർത്ഥനകൾ നടത്തിയിട്ടുണ്ട്. വ്യക്തികളിൽ നിന്നും കോർപ്പറേറ്റുകളിൽ നിന്നും നികുതി രഹിത സംഭാവനകൾ സ്വീകരിക്കുന്ന പിഎം കെയർസ് ഫണ്ട്, മിക്കവാറും എല്ലാ പ്രമുഖ വ്യവസായ ഗ്രൂപ്പുകളിൽ നിന്നും സിനിമാതാരങ്ങളിൽ നിന്നും സർക്കാർ വകുപ്പുകളിൽ നിന്നും വലിയ തോതിലുള്ള നിരവധി സംഭാവനകൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. 

1948 മുതൽ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് (പി‌എം‌എൻ‌ആർ‌എഫ്) നിലവിലിരിക്കേ പുതിയൊരു ഫണ്ടിന്റെ ആവശ്യകത പ്രതിപക്ഷം നിരവധി തവണ ചോദ്യം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 151 കോടി രൂപ സംഭാവന ചെയ്ത റെയില്‍വേ തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികളില്‍നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനേയും രാഹുല്‍ഗാന്ധി നേരത്തേ വിമര്‍ശിച്ചിരുന്നു.

Latest News