കൊട്ടാരക്കര സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ് - ശിഫയിലെ കോഫീ ഷോപ്പിൽ ജോലി ചെയ്യുന്ന കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽ വാർത്തുണ്ടിൽ പുത്തൻവീട്ടിൽ നജ്മുദ്ദീൻ (46) ഹൃദയാഘാതം മൂലം നിര്യാതനായി. വെള്ളിയാഴ്ച രാത്രി ഇശാ നിസ്‌കാരത്തിന് ശേഷം ഷോപ്പിൽ നിന്ന് നാട്ടിലെ ഭാര്യയുമായി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണതായിരുന്നു. ശാരീരികാസ്വാസ്ഥ്യം സംബന്ധിച്ച് ഭാര്യയോട് പറഞ്ഞയുടനെ ഫോൺ നിശ്ചലമായതിനെ തുടർന്ന് ഭാര്യ ദമാമിലുള്ള ബന്ധുവിനെ വിവരമറിയിക്കുകയും അദ്ദേഹം റിയാദിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയുമായിരുന്നു. അവർ വന്നുനോക്കിയപ്പോൾ ഷോപ്പിനുള്ളിൽ മരിച്ചുകിടക്കുന്നതാണ് കണ്ടത്. പോലീസെത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരീതിന്റെയും ഐഷാ കുഞ്ഞുബീവി ജാന്റെയും മകനാണ്. റിൻഷാ മോളാണ് ഭാര്യ. നിഹാല ഏകമകളാണ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ രംഗത്തുണ്ട്.
 

Latest News