ലോക്ഡൗണ്‍ വിജയമായില്ല, ഉത്തരവാദിത്തം മോഡിക്ക്- ഡോ. ജേക്കബ് ജോണ്‍

ചെന്നൈ- ഇന്ത്യയില്‍ ലോക്്ഡൗണ്‍ വിജയമല്ലെന്ന് ഐ.സി.എം.ആര്‍.(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ടി. ജേക്കബ് ജോണ്‍. ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ 257 പേരാണ് ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരായുണ്ടായിരുന്നത്. ഇന്നിപ്പോള്‍ അത് 56,000 കടന്നിരിക്കുന്നു. ലോക്ക്ഡൗണ്‍ വിജയമായെന്ന് ഈ കണക്കുകള്‍ നമ്മോട് പറയുന്നില്ല-  അദ്ദേഹം പറഞ്ഞു.
ലോക്ഡൗണ്‍ ആവശ്യമായിരുന്നു. പക്ഷേ, അതിന്റെ നടത്തിപ്പില്‍ കാര്യമായ വീഴ്ചകളുണ്ടായി. മാര്‍ച്ച് 24ന് ദേശീയ ലോക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് നാലു മണിക്കൂര്‍ മാത്രം നോട്ടീസ് നല്‍കിയാണ്. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച ശേഷമായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപനമെങ്കില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നമടക്കമുള്ളവ ഒഴിവാക്കാമായിരുന്നു. 257 എന്നത് ആയിരമാവുമ്പോള്‍ ലോക്ഡൗണ്‍ നിലിവില്‍ വരും എന്ന സമീപനമായിരുന്നു ഉചിതം. അപ്പോള്‍ ആളുകള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കുറെക്കൂടി സാവകാശം കിട്ടുമായിരുന്നു. ലോക്ഡൗണ്‍ വിജയമായാലും പരാജയമായാലും അതിന്റെ മുഖ്യ ഉത്തരവാദിത്തം പ്രധാനമന്ത്രിയിലാണ് എത്തിനില്‍ക്കുക. കോവിഡ് 19നെതിരെയുള്ള പോരാട്ടത്തിന്റെ നേതൃത്വം മാര്‍ച്ച് 19ന് ജനതാ കര്‍ഫ്യു പ്രഖ്യാപനത്തിലൂടെ അദ്ദേഹം ഏറ്റെടുത്തിരുന്നു-  ജേക്കബ് ജോണ്‍ ചൂണ്ടിക്കാട്ടി.

 

Latest News