Sorry, you need to enable JavaScript to visit this website.

തൃശൂർ ജില്ലയിൽ ഇനിമുതൽ സഞ്ചരിക്കുന്ന ആശുപത്രി

ആസ്റ്റർ പീസ് വാലി സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ച് പീപ്പിൾസ് ഫൗണ്ടേഷൻ തൃശൂർ ജില്ലയിൽ നടപ്പിലാക്കുന്ന കോവിഡ് പരിശോധന, ബോധവത്കരണ പരിപാടിയുടെ ധാരണ പത്രം തൃശൂർ ജില്ലാ കലക്ടർ എസ് ഷാനവാസിന് കൈമാറുന്നു.

തൃശൂർ - ലോക്ഡൗൺ കാലത്ത് ജില്ലയിലെ സാധാരണക്കാർക്കായി സഞ്ചരിക്കുന്ന ആശുപത്രി എത്തുന്നു. ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലെ എല്ലാ സൗകര്യങ്ങളും ഈ സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉണ്ടാകും. ഇതോടെ ഡോക്ടറുടെ സേവനം വീടുകളിൽ എത്തും. സഞ്ചരിക്കുന്ന ആശുപത്രിയിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരേ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിക്കുക. ആരോഗ്യ വകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് പരിശോധന നടത്തുക. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പിന് നൽകും. പീസ് വാലി, ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ജില്ലയിൽ നൽകുന്നത്.


ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഡോക്ടർ, നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ, കെയർ ഫെസിലിറേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉള്ളത്. തൃശൂർ ഇന്റർ ഏജൻസിക്ക് കീഴിലുള്ള പീപ്പിൾസ് ഫൗണ്ടേഷനാണ് ജില്ലയിൽ പ്രാദേശിക സംഘാടനം നിർവഹിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചിട്ടുള്ള കോവിഡ് പരിശോധന നടത്തുന്നത്. മെയ് 20 വരെ സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ജില്ലയിൽ ലഭ്യമാക്കും. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ തദ്ദേശ ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ, ജില്ലാ കലക്ടർ എസ്.ഷാനവാസ് എന്നിവർ ചേർന്ന് സഞ്ചരിക്കുന്ന ആശുപത്രി ഫഌഗ് ഓഫ് ചെയ്തു. 
സിറ്റി പോലീസ് കമ്മീഷണർ ആർ.ആദിത്യ, ആസ്റ്റർ ഡി.എം.ഫൗണ്ടേഷൻ മാനേജർ ലത്തീഫ് കാസിം, പീസ് വാലി പ്രൊജക്റ്റ് മാനേജർ സാബിത് ഉമർ, ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി നൗഷാബ നാസ്, പീപ്പിൾസ് ഫൗണ്ടേഷൻ ഭാരവാഹികളായ മുനീർ വരന്തരപ്പിള്ളി, കെ.എ.സദറുദ്ധീൻ, ഇ.എ.റഷീദ് മാസ്റ്റർ, എം.സുലൈമാൻ, അനസ് നദ്‌വി എന്നിവർ സംബന്ധിച്ചു. 

 

Latest News