ബീജിംഗ്- മരുമകളുടെ സംശയം അമ്മായി അമ്മയുടെ ജീവന്‍ രക്ഷിച്ചു. തളര്‍ന്നുകിടന്ന അമ്മയെ മകന്‍ ജീവനോടെ ശ്മശാനത്തില്‍ കുഴിച്ചിടുകയായിരുന്നു. ഭര്‍തൃമാതാവിനെ കാണാത്തതില്‍ സംശയം തോന്നിയ മകന്റെ ഭാര്യ നല്‍കിയ പരാതിയില്‍ അമ്മയെ മൂന്ന് ദിവസത്തിന് ശേഷം പോലീസ് പുറത്തെടുത്തു. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലായിരുന്നു സംഭവം.
79 വയസ്സുകാരിയായ വാങ്ങിനെയാണ് 58 കാരനായ മകന്‍ മാഹ് ജീവനോടെ കുഴിച്ചിട്ടത്. കഴിഞ്ഞ ശനിയാഴ്ച മാഹ് അമ്മയെയും കൂട്ടി പുറത്തുപോയിരുന്നു. എന്നാല്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ അമ്മ കൂടെയുണ്ടായിരുന്നില്ല. അമ്മയെ ബന്ധുവീട്ടിലാക്കിയെന്നായിരുന്നു ഇയാള്‍ ഭാര്യയോട് പറഞ്ഞത്. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ ആദ്യംമുതലേ സംശയമുണ്ടായിരുന്ന മരുമകള്‍ ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.
ഭര്‍തൃമാതാവിനെ കാണാനില്ലെന്നും ഭര്‍ത്താവിനെ സംശയമുണ്ടെന്നുമായിരുന്നു ഇവരുടെ പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് അമ്മയെ ജീവനോടെ കുഴിച്ച് മൂടിയതാണെന്ന് മകന്‍ സമ്മതിച്ചത്. ഉടന്‍തന്നെ പോലീസ് സംഘം ശ്മശാനത്തിലെത്തുകയും ഇവരെ പുറത്തെടുക്കുകയും ചെയ്തു. അവശയായിരുന്നെങ്കിലും അമ്മക്ക് ജീവനുണ്ടായിരുന്നു.