റിയാദ്- സൗദിയിലെ മുഴുവൻ ഇൻഷുറൻസ് കമ്പനികളും വാഹന ഇൻഷുറൻസ് പോളിസി കാലാവധി രണ്ടു മാസത്തേക്ക് സൗജന്യമായി ദീർഘിപ്പിച്ചു നൽകി. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ ഇൻഷുറൻസ് കാലാവധിയാണ് കമ്പനികൾ ദീർഘിപ്പിച്ച് നൽകിയിരിക്കുന്നത്. തേഡ് പാർട്ടി ഇൻഷുറൻസ് പോളിസികളും സമഗ്ര ഇൻഷുറൻസ് പോളിസികളും രണ്ടു മാസത്തേക്ക് ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്.
ഇതിനു പുറമെ, മെയ് എട്ടു മുതൽ ജൂൺ ആറു വരെയുള്ള കാലത്ത് വാങ്ങുന്ന മുഴുവൻ പോളിസികളിലും രണ്ടു മാസം അധിക കാലാവധിയും ലഭിക്കുമെന്ന് ഇൻഷുറൻസ് കമ്പനീസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിസഡന്റ് ബദർ അൽഅനസി അറിയിച്ചു. കൊറോണ പ്രതിസന്ധി മൂലമുള്ള പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ശ്രമിച്ചാണ് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസി രണ്ടു മാസത്തേക്ക് ദീർഘിപ്പിച്ചു നൽകുന്നതും പുതുതായി വാങ്ങുന്ന പോളിസികളുടെ കാലാവധിയിൽ രണ്ടു മാസം അധികം അനുവദിക്കുന്നതും.
അധിക കാലാവധി ലഭിക്കുന്നതിനും കാലാവധി ദീർഘിപ്പിക്കുന്നതിനും ഉപയോക്താക്കൾ ഇൻഷുറൻസ് കമ്പനികളുമായി ആശയവിനിമയം നടത്തേണ്ടതില്ല. ഇൻഷുറൻസ് പോളിസി തവണകൾ അടക്കാൻ കാലതാമസം വരുത്തുന്ന ഉപയോക്താക്കളുടെ പോളിസികൾ റദ്ദാക്കാതിരിക്കാനും ഇൻഷുറൻസ് കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്. പോളിസി തവണകൾ പിന്നീട് അടക്കുന്നതിന് ഉപയോക്താക്കൾക്ക് അവസരം നൽകാൻ വേണ്ടിയാണിത്.
വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസി രണ്ടു മാസത്തേക്ക് ദീർഘിപ്പിച്ച് നൽകുകയും പുതുതായി വാങ്ങുന്ന പോളിസികളിൽ രണ്ടു മാസം അധിക കാലാവധി അനുവദിക്കുകയും ചെയ്യുന്ന ഇൻഷുറൻസ് കമ്പനികളുടെ പദ്ധതിയെ സൗദി അറേബ്യൻ മോണിട്ടറി ഏജൻസി (സാമ) ഗവർണർ ഡോ.അഹ്മദ് അൽഖുലൈഫി പ്രശംസിച്ചു. കൊറോണ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇൻഷുറൻസ് കമ്പനികൾ പ്രഖ്യാപിച്ച ആശ്വാസ പദ്ധതികളെന്നും സാമ ഗവർണർ പറഞ്ഞു.
വാഹന ഇൻഷുറൻസ് പോളിസികൾ രണ്ടു മാസത്തേക്ക് ദീർഘിപ്പിക്കാനും പുതുതായി വാങ്ങുന്ന പോളിസികളിൽ രണ്ടു മാസം അധിക കാലാവധി അനുവദിക്കാനുമുള്ള ഇൻഷുറൻസ് കമ്പനികളുടെ തീരുമാനം സൗദികളും വിദേശികളും അടക്കം ദശലക്ഷക്കണക്കിനാളുകൾക്ക് ഏറെ ആശ്വാസമായി മാറും.






