കൊച്ചി- കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയിരുന്ന 370 പ്രവാസി മലയാളികള്‍ കൂടി കൊച്ചി വിമാനത്താവളം വഴി മടങ്ങിയെത്തി. മസ്‌ക്കറ്റില്‍ നിന്നും കുവൈറ്റില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് രാത്രിയോടെ നെടുമ്പാശേരിയിലെത്തിയത്. മസ്‌ക്കറ്റില്‍ നിന്നും എത്തിയ വിമാനത്തില്‍ 181 പേരും, കുവൈറ്റില്‍ നിന്നും എത്തിയ വിമാനത്തില്‍ 189 പേരുമാണ് ഉണ്ടായിരുന്നത്. മലേഷ്യയില്‍നിന്നുള്ള മലയാളികളുമായി ആദ്യ വിമാനവും ദോഹ-കൊച്ചി വിമാനവും രാത്രി വൈകി കൊച്ചിയിലെത്തും. മസ്‌ക്കറ്റില്‍ നിന്നുള്ള വിമാനം (ഐ എക്‌സ് 442) 8.50 നാണ് നെടുമ്പാശേരിയിലെത്തിയത്. ഇതില്‍ 77 പേര്‍ അടിയന്തിര ചികിത്സ ആവശ്യമായ രോഗികളായിരുന്നു. 48 ഗര്‍ഭിണികളും പ്രായമായവരും ജോലി നഷ്ടപ്പെട്ട 22 പേരും സന്ദര്‍ശക വിസയിലെത്തി വിസ കാലാവധി കഴിഞ്ഞ 30 പേരും, നാലു കുട്ടികളും ഈ വിമാനത്തില്‍ മടങ്ങിയെത്തി.
189 യാത്രക്കാരുമായി കുവൈറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം (ഐ എക്‌സ് 396 ) രാത്രി 9.15 നാണ് നെടുമ്പാശേരിയിലെത്തിയത്. രാവിലെ പത്ത് മണിക്കാണ് നെടുമ്പാശേരിയില്‍ നിന്നും വിമാനം കുവൈറ്റിലേക്ക് പുറപ്പെട്ടത്. ജോലി നഷ്ടപ്പെട്ടവരും ഗര്‍ഭിണികളും രോഗികളും വിസ കാലാവധി കഴിഞ്ഞവരുമാണ് മടങ്ങിയെത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും. ഇന്ത്യയും കുവൈറ്റും തമ്മില്‍ നിലനിന്നിരുന്ന ആശയകുഴപ്പങ്ങള്‍ പരിഹരിച്ച ശേഷമാണ് കുവൈറ്റില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ അവസരമൊരുങ്ങിയത്. പൊതുമാപ്പ് ലഭിച്ചവരെ സൗജന്യമായി ഇന്ത്യയിലെത്തിക്കാമെന്ന് കുവൈറ്റ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ഇന്ത്യന്‍ അധികൃതര്‍ അനുമതി നിഷേധിച്ചതാണ് ആശങ്കകള്‍ക്ക് ഇടയാക്കിയത്. ഇതേതുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കുവൈറ്റും വിസമ്മതിക്കുകയായിരുന്നു. പിന്നീട് നടന്ന ഉന്നതതല ചര്‍ച്ചകളിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നാലു വിമാനങ്ങളിലായി 733 മലയാളികളാണ് ഗള്‍ഫില്‍നിന്നു നെടുമ്പാശേരി വഴി മടങ്ങിയെത്തിയത്.