ഡോക്ടറുടെ ആത്മഹത്യ; ആംആദ്മി എംഎല്‍എ അറസ്റ്റില്‍

ന്യൂദല്‍ഹി-ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസില്‍ ആംആദ്മി എംഎല്‍എ അറസ്റ്റില്‍.പ്രകാശ് ജര്‍വാള്‍ ആണ് അറസ്റ്റിലായത്. അദ്ദേഹത്തിന്റെ സഹായി കപില്‍ നഗര്‍ എന്നയാളെ നേരത്തെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യ ചെയ്ത ഡോക്ടര്‍ രാജേന്ദ്രസിങ്ങിന്റെ മകന്റെ പരാതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലിസ് എംഎല്‍എയ്ക്ക് സമന്‍സ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം തയ്യാറായില്ല. ഇതേതുടര്‍ന്ന് എംഎല്‍എയുടെ പിതാവിനെയും സഹോദരനെയും പോലിസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് പോലിസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം. ദക്ഷിണ ദല്‍ഹിയിലെ ദുര്‍ഗവിഹാറിലെ വസതിയിലാണ് ഡോ.രാജേന്ദ്ര സിങ്ങിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി ആംആദ്മി പാര്‍ട്ടി നേതാവാണെന്ന് പറഞ്ഞിരുന്നു. അതേസമയം എംഎല്‍എ ഇക്കാര്യങ്ങള്‍ നിഷേധിക്കുകയായിരുന്നു.പണം അപഹരിച്ചതിനും ആത്മഹത്യാ പ്രേരണക്കും വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് പ്രകാശ് ജര്‍വാളിനെതിരെ കേസ് രജിസ്ട്രര്‍ ചെയ്തത്.
 

Latest News