Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്ര ജയിലുകളില്‍ 77 പേര്‍ക്കുകൂടി കോവിഡ്; സര്‍ക്കാര്‍ ഇടപെടണമെന്ന് കോടതി

മുംബൈ- മഹാരാഷ്ട്രയിലെ ജയിലുകളില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപടല്‍ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി. ആര്‍തര്‍ റോഡ് ജയിലിലെ 26 ഉദ്യോഗസ്ഥരടക്കം 77 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് രോഗവ്യാപനം തടയാന്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. 

സംസ്ഥാനത്ത് തടവിലുള്ള നൂറിലേറേ പേര്‍ക്കാണ് ഇതിനകം വൈറസ് ബാധ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ കോവിഡ് പരിശോധനയ്ക്കായി ജാമ്യം നല്‍കണമെന്ന പ്രതിയുടെ ഹരജി പരിഗണിക്കവേയാണ് മുംബൈ ഹൈക്കോടതി സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടത്. തടവറയിലും വൃത്തിയും സുരക്ഷിതത്വവും അവകാശമാണെന്ന കാര്യം ഓര്‍മിപ്പിച്ച കോടതി ജയിലില്‍ കോവിഡ് പടരാനുള്ള സാഹചര്യം അധികൃതര്‍ പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

60 ജയിലുകളിലായി 24,032 തടവുകാരാണ് മഹാരാഷ്ട്രയിലുള്ളത്. മാർച്ച് അവസാനം സംസ്ഥാനത്തൊട്ടാകെ 36,000 പേരെ ജയിലുകളിൽ പാർപ്പിച്ചിരുന്നു. ആളുകളെ തിങ്ങിപ്പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ റോഡ് ജയിലില്‍ 2,800 തടവുകാരുണ്ട്. പരമാവധി 804 പേരെ ഉള്‍ക്കൊള്ളാവുന്ന ജയിലാണ് ഇത്.

Latest News