യുപിയില്‍ യമുനാ നദിയില്‍ ബോട്ടുമറിഞ്ഞ് 22 മരണം

മീററ്റ്- ഉത്തര്‍ പ്രദേശിലെ ഭാഘ്പതില്‍ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മുങ്ങിമരിച്ചു. വഹിക്കാവുന്നതിലുമേറെ യാത്രക്കാരെ കുത്തിനിറച്ച് ബോട്ടാണ് അപടകത്തില്‍പ്പെട്ടത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. 35 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ അറുപതിലേറെ പേരുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. ഇവരില്‍ 10 പേര്‍ നീന്തി രക്ഷപ്പെട്ടു. ജില്ലാ അധികൃതരും ഗ്രാമീണരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പ്പെട്ടവരിലേറെയും സ്ത്രീകളാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

നദിയുടെ മധ്യഭാഗത്തുവച്ചാണ് ബോട്ട് മറിഞ്ഞു മുങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഭാഗ്പത് ജില്ലയിലെ കാന്ത ഗ്രാമത്തിലുള്ളവര്‍ ബോട്ടു മാര്‍ഗമാണ് നദി കടന്ന് ദിനേന ജോലിക്കു പോകുന്നത്. വ്യാഴാഴ്ച രാവിലെയാണ് ഗ്രാമീണരെ വഹിച്ചു പുറപ്പെട്ട ബോട്ട് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാത് ഖേദം പ്രകടിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ദുരതാശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് രോഷാകുലരായ ഗ്രാമീണരും മരിച്ചവരുടെ ബന്ധുക്കളും മൃതദേഹങ്ങളുമായി എത്തി ഡല്‍ഹി-സഹാറന്‍പൂര്‍ ഹൈവെ ഉപരോധിച്ചു വാഹനങ്ങള്‍ തടഞ്ഞു. പോലീസിനു വാഹനങ്ങള്‍ക്കു നേരെ കല്ലേറുമുണ്ടായി. കുടുതല്‍ പോലീസിനെ വിന്യസിച്ച് പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. 

Latest News