ന്യൂദല്‍ഹി-മൂന്നുദിവസം പനി ഇല്ലാതിരിക്കുകയും 10 ദിവസത്തിനുശേഷവും രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്താല്‍ ടെസ്റ്റ് നടത്താതെ തന്നെ കോവിഡ് രോഗികളെ ഡിസ്ചാര്ഡ് ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അരിയിച്ചു. തുടര്‍ന്നുള്ള ഏഴു ദിവസം വീടുകളില്‍ കരുതല്‍ നിരീക്ഷണം തുടര്‍ന്നാല്‍ മതിയെന്നും കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് സംബന്ധിച്ചുള്ള പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. രോഗിയുടെ ആരോഗ്യനില അനുസരിച്ച് ഡിസ്ചാര്‍ജു ചെയ്യുന്ന കാര്യം തീരുമാനിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.
രോഗതീവ്രത കുറഞ്ഞ വിഭാഗത്തിലുള്ളവര്‍ക്ക് പനി മൂന്നുദിവസത്തിനുള്ളില്‍ മാറുകയും ഓക്സിജന്‍ സാച്ചുറേഷന്‍ 95 ശതമാനത്തിന്റെ മുകളില്‍ നില്‍ക്കുകയും ചെയ്താല്‍ 10 ദിവസത്തിനുശേഷം ഡിസ്ചാര്‍ജ് ചെയ്യാം. ഇവരും ഏഴുദിവസം വീടുകളില്‍ ക്വാറന്റൈന് തുടരണം.
തീവ്രത കൂടിയ കേസുകളില്‍ പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയതിനുശേഷം ഡിസ്ചാര്‍ജ് ചെയ്യണം. ഗുരുതരമായി രോഗം ബാധിച്ചിരുന്നവര്‍ക്ക് മാത്രം ഡിസ്ചാര്‍ജിന് മുമ്പ് ടെസ്റ്റ് മതിയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം.






