വിസ്മയങ്ങളുടെ കലവറയാണ് മനുഷ്യ ജീവിതം. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ വിപഌവകരമായ മുന്നേറ്റങ്ങൾക്കിടയിലും അനിശ്ചിതത്വങ്ങളുടെ നടുവിലാണ് പലപ്പോഴും മനുഷ്യൻ ജീവിക്കുന്നത്. നാളെ എന്ത് എന്നത് സംബന്ധിച്ച് സുനിശ്ചിതമായി ഒന്നും ആർക്കും പറയാൻ കഴിയാതിരിക്കുമ്പോഴും അപാരമായ നിരീക്ഷണ പാടവവും ആറാം ഇന്ദ്രിയത്തിന്റെ മാസ്മരിക പിൻബലവും കൊണ്ട് പല പ്രവചനങ്ങളും നടത്തി ലോകത്തെ ഞെട്ടിച്ച ചില മനീഷികളും ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്.
കാലത്തിന് മുമ്പേ സഞ്ചരിക്കുവാനും ചിന്തയുടെയും ഗവേഷണ വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ തങ്ങൾ എത്തിച്ചേരുന്ന നിഗമനങ്ങൾ പങ്കുവെക്കുവാനുമാണ് അവർ ശ്രമിച്ചിട്ടുള്ളത്.
ഇത്തരം പ്രവചനങ്ങളുടെ ആധികാരികതയും സാധ്യതയുമൊക്കെ മൗലികമായ വിവാദങ്ങളുടെ വിഷയമാണെങ്കിലും ചില സാഹചര്യങ്ങളിലെങ്കിലും ഇത്തരം പ്രവചനങ്ങൾ പൂർണമായും എഴുതിത്തള്ളാനാവാത്ത സമസ്യകളാവുകയാണോ.
ഈ പശ്ചാത്തലത്തിലാണ് പതിനാറാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ച നൊസ്റ്റാർഡാമോസിന്റെ പ്രവചനങ്ങളുടെ സമകാലിക വായനയുടെ പ്രസക്തിയന്വേഷിക്കുന്നത്.
പ്രവചനങ്ങളുടെ രാജാവായിരുന്ന നോസ്റ്റർഡാമോസ് നടത്തിയ പല പ്രവചനങ്ങളും പുലർന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഭിഷഗ്വരനും ജ്യോതിഷ പണ്ഡിതനുമായ അദ്ദേഹം താനൊരു പ്രവാചകനാണെന്നോ ദൈവികമായ എന്തെങ്കിലും സിദ്ധിയുള്ളവനാണെന്നോ അവകാശപ്പെട്ടതായി അറിവില്ല. തന്റെ പഠന ഗവേഷണങ്ങളുടെയും അനുഭവ സാക്ഷ്യത്തിന്റെയും അടിസ്ഥാനത്തിൽ നടത്തിയ രചനയിലൂടെ ചില മുന്നറിയിപ്പുകൾ നൽകുക മാത്രമാണ് ചെയ്തത്. അദ്ദേഹത്തിന്റെ പല നിരീക്ഷണങ്ങളും സത്യമായി പുലർന്നത് ഒരു പക്ഷേ യാദൃഛികതയാകാം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ വിശകലനങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെ നം എത്തിച്ചേരുന്ന നിഗമനങ്ങളാകാം. എന്തായിരുന്നാലും സമകാലിക സമസ്യകളുമായി ചേർത്തുവായിക്കാവുന്ന പല നിരീക്ഷണങ്ങളും പതിനാറാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലെസ് പ്രൊഫറ്റീസ് എന്ന ഗ്രന്ഥത്തിലുണ്ട് എന്നാണ് പറയപ്പെടുന്നത്.
കൊറോണ സംബന്ധിച്ച് അദ്ദേഹം പ്രവചിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ബന്ധപ്പെട്ടവർ തിരുത്തിയിട്ടുണ്ട്. എന്നാൽ രണ്ട് മാസത്തിന് ശേഷം കേരളത്തിൽ നടന്നേക്കുമെന്ന് നൊസ്റ്റാർഡാമോസ് സൂചന നൽകുന്ന ഇടുക്കി ഡാമിന്റെ തകർച്ചയാണ് മലയാളികളെ ഈ പ്രവചനങ്ങളുടെ പുനർവായനക്ക് പ്രേരിപ്പിക്കുന്നത്.
ഭൂമധ്യത്തുനിന്നും ജ്വാലകൾ ഭൂമികുലുക്കമായി വരും. ഉയർന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊളളും. ഇരു മലകൾ അത് തടയാൻ വിഫലമായി പൊരുതും. പിന്നെ ജലദേവി പുതിയൊരു അരുണ നദിതീർക്കും എന്നാണത്രേ നൊസ്റ്റർഡാമോസിന്റെ പുസ്തകത്തിലുളളത്. ഈ പ്രവചനം സംഭവിക്കാൻ പോകുന്ന ഇടുക്കി ഡാം തകർച്ചയുടെ പ്രവചനം ആണെന്നാണ് പലരും പറയുന്നത്.
ഈ പ്രവചനം മലയാളത്തിലേക്ക് തർജമ ചെയ്തു പല ഓൺ ലൈൻ മാധ്യമങ്ങളും യുടൂബേഴ്‌സും പാശ്ചാത്യ വിശാരദൻമാർ നൽകിയ വ്യാഖ്യാനങ്ങളെ വിശകലന വിധേയമാക്കിയിരുന്നെങ്കിലും ആരും ഗൗരവമായെടുത്തിട്ടില്ലെന്നാണ് തോന്നുന്നത്.
തുടർച്ചയായി രണ്ട് വർഷങ്ങളായുണ്ടായ പ്രളയം, മുല്ലപ്പെരിയാറിന്റെ ബലക്ഷയം എന്നിവയുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ മാപ്പ്, ചൊവ്വ ഗ്രഹത്തിന്റെ സ്ഥാനം മുതലായവ അപഗ്രഥിച്ചു പറഞ്ഞ കാര്യങ്ങൾ വിശകലന വിധേയമാക്കുമ്പോൾ നാം ആശങ്കപ്പെടേണ്ടതുണ്ടോ? ഈ വർഷത്തെ കാലവർഷം നേരത്തേ ആരംഭിക്കുമെന്നും കേരളത്തിൽ നേരത്തേ തന്നെ പ്രളയ സാധ്യതയുണ്ടെന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പും കൂടി ചേർത്തുവായിക്കുമ്പോഴാണ് സംഭവത്തിന്റെ ഗൗരവാവസ്ഥ കൂടുതൽ ബോധ്യപ്പെടുക.
പാശ്ചാത്യ ജ്യോതിഷത്തിലെ വീനസ് തന്റെ ചലനത്താൽ തെക്കേ ഇന്ത്യയിൽ വിനാശം വിതക്കുമെന്നും ഇത് പ്രളയം, ഭൂകമ്പം, മുതലായവയിലൂടെ ആയിരിക്കുമെന്നും പറയുന്നു. ഇതിന്റെ മുന്നോടിയായി ചെറു ഭൂകമ്പങ്ങൾ, ജനങ്ങൾ തമ്മിലുള്ള കലഹം തുടങ്ങിയവ ഉടലെടുക്കും. അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടാകുകയും ഇപ്പോൾ സാമ്പത്തികം ആയി ഉയർന്നു വരുന്ന ഒരു തെക്കേ ഇന്ത്യൻ നഗരം (കൊച്ചി) ജനങ്ങളുടെ ഭീതിയാലും ഭൂചലനത്തിന്റെ ഭീകരതയാലും നടുങ്ങി വിറക്കും. രണ്ടു മലകൾ വിനാശം തടയാൻ കുറെ നേരം വിഫലം ആയ ശ്രമം നടത്തും. ഇടുക്കി ഡാമിന്റെ മധ്യത്തിലായി കുടികൊള്ളുന്ന മലകൾ നാശം തടയാൻ മണിക്കൂറുകളോളം ശ്രമിച്ചു പരാജയപ്പെടും. ആ മലകൾ ഇടുക്കിയിലെ കുറവൻ കുറത്തി മലകൾ ആണെന്ന് കരുതപ്പെടുന്നു.
ഒടുവിൽ ഇടുക്കി ഡാമിന്റെ നാശത്തോടെ ജലദേവത ചുവന്ന ജലത്തിൽ സംഹാര താണ്ഡവമാടി ഒരു പുതിയ വൻ നദി രൂപപ്പെടും. ചുവന്ന ജലം എന്നതിനാൽ ചോരപ്പുഴ അല്ലെങ്കിൽ ലക്ഷങ്ങളുടെ മരണത്തിനു കാരണമാകുന്ന ജല പ്രവാഹം എന്നു നൊസ്റ്റാർഡാമോസ് അർത്ഥമാക്കുന്നു. ലോക മഹായുദ്ധങ്ങൾ, ലണ്ടൻ അഗ്‌നിബാധ ഇവ കൃത്യമായി പ്രവചിച്ച അദ്ദേഹത്തിന്റെ പ്രവചനം തെറ്റാൻ സാധ്യത കുറവാണെന്നും ഇതുവരെ നടത്തിയ ഗവേഷണങ്ങളിൽ മുല്ലപെരിയാർ ഇടുക്കി ദുരന്തം കൃത്യം ആയി പ്രവചിക്കാൻ കഴിയുമെന്നും ഇത് ലോകത്തിൽ ഇതുവരെ നടന്നിട്ടുള്ള ദുരന്തങ്ങളിൽ ഏറ്റവും വലുതായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
കേരളത്തിലെ ഭൂമിശാസത്രപരവും പ്രകൃതിപരവുമായ അവസ്ഥാ വിശേഷം വിശകലന വിധേയമാക്കണം. ഒരിക്കലും ഒരു ദുരന്തം താങ്ങാവുന്ന അവസ്ഥയിലല്ല നമ്മുടെ സംസ്ഥാനം. സാമ്പത്തികമായി നടുവൊടിഞ്ഞ സംസ്ഥാനത്തിന് ചിന്തിക്കാൻ കഴിയുന്നതിലും വലിയ പ്രതിസന്ധിയാാണ് സൃഷ്ടിക്കപ്പെടുക.
ഇത്തരമൊരു ദുരന്തം സംഭവിക്കാതിരിക്കട്ടെയെന്ന് തന്നെയാണ് എല്ലാ മനുഷ്യ സ്‌നേഹികളും ആഗ്രഹിക്കുന്നത്. അടിസ്ഥാനമില്ലാത്ത പ്രവചനങ്ങൾ കാണിച്ച് ആരെയും പരിഭ്രാന്തരാക്കാൻ ഈ കുറിപ്പുകാരൻ ഒട്ടും ആഗ്രഹിക്കുന്നുമില്ല.
സമകാലിക സംഭവ വികാസങ്ങളുടെ പരിസരത്തുനിന്ന് തോന്നിയ ചില ആശങ്കകൾ പങ്കുവെക്കുക മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. ലോക ചരിത്രത്തിലെ നിരവധി സംഭവങ്ങൾ നോസ്റ്റർ ഡാമോസിന്റെ പുസ്തകത്തിൽ പ്രവചിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
പ്രവചനങ്ങൾ സംഭവിക്കുന്നതുവരെ കേവലം പ്രവചനങ്ങൾ മാത്രമാണ്. എന്നാൽ പാരിസ്ഥിതികവും കാലാവസ്ഥാപരവുമായ സാമൂഹിക പരിസരം ഇത്തരമൊരു ദുരന്തത്തിന്റെ മുന്നറിയിപ്പാകുമോ എന്ന ചിന്ത നോസ്റ്റർ ഡാമോസിന്റെ പ്രവചനങ്ങളുടെ പുനർവായന മാത്രമല്ല സാമൂഹിക ജാഗ്രതയും പ്രസക്തമാക്കും.
മൈക്കൽ ഡെ നോസ്ട്രഡാമെ എന്ന പ്രശസ്തനായ ഫ്രഞ്ച് ജ്യോതിശാസ്ത്രകാരന്റെ ലത്തീൻ നാമധേയമാണ് നോസ്റ്റർ ഡാമോസ്. ഭാവിയെക്കുറിച്ചുള്ള വ്യക്തമായതും കണിശവുമായ പ്രവചനങ്ങളിലൂടെയാണ് നോസ്റ്റർ ഡാമോസ് പ്രശസ്തനായത്. ലോകത്തെ പിടിച്ചു കുലുക്കിയ പല ദുരന്തങ്ങളും/സംഭവങ്ങളും ഇദ്ദേഹം രേഖപ്പെടുത്തി വെച്ചിരുന്ന പ്രവചനങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 'ലെസ് പ്രോഫെറ്റീസ്' എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ ഏറിയ പങ്കും ഉൾക്കൊള്ളിച്ചിട്ടുള്ളത്.
1555 ലാണ് ഈ ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പ് പുറത്തിറക്കിയത്. പദ്യരൂപത്തിലാണ് തന്റെ പ്രവചനങ്ങൾ രേഖപ്പെടുത്തിയിരുന്നത്. ശാസ്ത്രജ്ഞരും ഗവേഷകരുമടക്കം നിരവധി പേർ ഇദ്ദേഹത്തിന്റെ പ്രവചനങ്ങൾ വ്യാഖ്യാനിച്ചിട്ടുണ്ട്.






