ചാണ്ഡിഗഢ്- രാജ്യത്തിന്റെ പലഭാഗത്തുനിന്നും തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുകയാണെങ്കിലും മറുഭാഗത്ത് കോവിഡ് ഭീതിക്കിടയിലും തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും വീണ്ടും കുടിയേറ്റത്തിനു പ്രേരിപ്പിക്കുന്നു. ഹരിയാനയിലേക്ക് വരാന്‍ ബീഹാറില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നും ഒരു ലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തതായി കണക്ക്. നാട്ടിലെത്തി ബന്ധുക്കളെ കാണാന്‍ ആഗ്രഹിക്കുന്നവരെക്കാള്‍ ജോലി ചെയ്യാനായി ഇങ്ങോട്ട് വരാന്‍ താല്‍പര്യമുള്ളവരാണ് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ കൂടുതലുമെന്ന് ഹരിയാന സി.ഐ.ഡി. ചീഫ് അനില്‍ കുമാര്‍ റാവു പറഞ്ഞു.
ഹരിയാന സര്‍ക്കാര്‍ ഒരാഴ്ച മുമ്പ് ആരംഭിച്ച വെബ് പോര്‍ട്ടലിലാണ് 1.09 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 79.29% ആളുകളും ഗുഡ്ഗാവ്, ഫരീദാബാദ്, പാനിപത്ത്, സോനിപത്ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വരാനാണ് വരാനാണ് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഹരിയാനയില്‍ വ്യവസായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്
ഹരിയാനയില്‍ ഏറ്റവും കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളുള്ള സ്ഥലങ്ങളിലേക്കാണ് തൊഴിലാളികള്‍ വരാന്‍ ആഗ്രഹിക്കുന്നത്. അപേക്ഷകരില്‍ അരലക്ഷം പേര്‍ ഗുഡ്ഗാവിലേക്ക് മടങ്ങിവരാനാണ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്നും മറ്റു സംസ്ഥാനങ്ങളിലുള്ള തൊഴിലാളികള്‍ക്ക് ഹരിയാനയിലേക്ക് വരണമെങ്കില്‍ അവരെ കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഹരിയാന പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുരാഗ് റസോഗി പറഞ്ഞു.
ബീഹാറിലേക്കും ഉത്തര്‍പ്രദേശിലേക്കും ലോക്ഡൗണിനു മുമ്പ് തന്നെ മടങ്ങിയവര്‍ രജിസ്റ്റര്‍ ചെയ്തവരിലുണ്ട്. കുറച്ചുപേര്‍ ലോക്ക് ഡൗണ്‍ സമയത്ത് പോയവരാണ്. നിയന്ത്രണങ്ങള്‍ മൂലം ഹരിയാനയിലേക്ക് മടങ്ങിവരാന്‍ ഇപ്പോള്‍ തടസ്സമുണ്ട്. ഹരിയാനയില്‍ കടകളില്‍ വ്യാപാരം ആരംഭിക്കുകയും വ്യവസായ ശാലകള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതോടെ ഉടമസ്ഥര്‍ തൊഴിലാളികളെ തിരികെ വിളിക്കുന്നതാകാം കറഞ്ഞ ദിവസങ്ങള്‍ കൊണ്ടുതന്നെ കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാരണമെന്നാണ് അധികൃതര്‍ കരുതുന്നത്.
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിലെ കുറവാണ് ഹരിയാനയിലേക്ക് വരാനുള്ള കാരണമായി ഹരിയാനയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറവാണെന്നതും അന്തര്‍സംസ്ഥാന തൊഴിലാളികളെ ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിക്കുന്നു.
വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഹരിയാനയില്‍ 647 കോവിഡ് പോസിറ്റീവ് കേസുകളാണുള്ളത്. ഇവരില്‍ 14 പേര്‍ ഇറ്റലിക്കാരാണ്. എട്ടുപേരാണ് മരിച്ചത്. 279 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.






