Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോക്ഡൗണിനിടയിലും ഇവിടെയൊരു നന്മമരം പൂത്തുലയുന്നു

മുഈനുദ്ദീൻ മുസ്‌ലിയാർ ജനറൽ ആശുപത്രിയിൽ കഞ്ഞിവിതരണത്തിന് നേതൃത്വം നൽകുന്നു.

ആലപ്പുഴ- കാരുണ്യപ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കിയ മുഈനുദ്ദീൻ മുസ്‌ലിയാർ ലോക് ഡൗൺ കാലത്തും നന്മയുടെ നൂറുപൂക്കൾ വിരിയിക്കുന്നു. ആലപ്പുഴ നഗരഹൃദയത്തിലെ പ്രധാന പള്ളിയായ പാലസ് ജുമാ മസ്ജിദിൽ ദീർഘകാലം ഇമാമും ഖത്തീബുമായിരുന്ന കറുകയിൽ ഹൈദറൂസിയയിൽ മുഈനുദ്ദീൻ മുസ്‌ലിയാർ(49)ക്ക് കാരുണ്യപ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. അര പതിറ്റാണ്ടിലധികമായി ആലപ്പുഴ ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു ദിവസം പോലും മുടങ്ങാതെ സൗജന്യ കഞ്ഞി വിതരണം നടത്തിവരുന്ന മുഈനുദ്ദീൻ മുസ്‌ലിയാർ, ലോക്ഡൗൺ കാലത്ത് വിശ്വാസികൾക്ക് നോമ്പ് കഞ്ഞി വിതരണം നടത്തിയും പാവങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകിയും നിർധനരോഗികൾക്ക് മരുന്നുകളെത്തിച്ചു നൽകിയും സേവനമേഖലയിൽ സജീവമാണ്. റമസാനിൽ നൂറോളം കുടുംബങ്ങൾക്കാണ് കറുകയിലെ ഹൈദ്രോസിയയിൽ നോമ്പ് കഞ്ഞി വിതരണം നടത്തുന്നത്. പാലസ് മസ്ജിദിൽ ഇമാമായി സേവനമനുഷ്ഠിക്കുമ്പോൾ ജനറൽ ആശുപത്രിയിലെത്തിയ കുട്ടനാട്ടുകാരിയായ ഒരു വീട്ടമ്മ കുഞ്ഞുമക്കളോടൊപ്പം പള്ളിയിലെത്തി വിശപ്പിന്റെ വേദന അറിയിച്ചതിൽ നിന്നാണ് ആശുപത്രിയിൽ സൗജന്യ കഞ്ഞിവിതരണത്തിന് നിമിത്തമായതെന്ന് മുഈനുദ്ദീൻ മുസ്‌ലിയാർ പറയുന്നു.ഒന്നര പതിറ്റാണ്ടായി ഒരു ദിവസം പോലും മുടങ്ങാതെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഞ്ഞിയും പയറും എത്തിക്കുന്നു.ലോക് ഡൗണിനിടെ നൂറുകണക്കിന് കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം നടത്തിയത്. റമസാനിന് ഇഫ്ത്വാർ കിറ്റുകളും വിതരണം ചെയ്തു. ഇക്കുറി പെരുന്നാളിന് പുതുവസ്ത്രങ്ങൾക്ക് പകരമായും ഭക്ഷ്യകിറ്റുകൾ നൽകാനാണ് പദ്ധതി.സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് പഠനോപകരണ വിതരണം മുടക്കം കൂടാതെ നടത്തും. നിർധന രോഗികൾക്ക് സൗജന്യമായി മരുന്നെത്തിച്ചു നൽകൽ, സൗജന്യ ഡയാലിസിസ് തുടങ്ങി നിരവധി കാരുണ്യ പദ്ധതികൾ ഏറ്റെടുത്തിട്ടുള്ള മുഈനുദ്ദീൻ മുസ്‌ലിയാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അൽ ഇഹ്‌സാൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ സംഘടനക്ക് രൂപം നൽകിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സേവന സജ്ജരായ ഒരു കൂട്ടം വളണ്ടിയർമാരാണ് അൽ ഇഹ്‌സാന്റെ മുതൽകൂട്ട്. കാരുണ്യപ്രവർത്തനം മുഖ്യലക്ഷ്യമായുള്ള അൽ ഇഹ്‌സാന് വിവിധ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും എല്ലാം സർവാദിനാഥനിൽ അർപ്പിച്ചു കർമരംഗത്ത് മുന്നേറുകയാണ് മുഈനുദ്ദീൻമുസ്‌ലിയാരും അൽ ഇഹ്‌സാനും. തുഛമായ വേതനത്തിൽ ആലിശ്ശേരി നസറുൽ ഇഖ്‌വാൻ മദ്‌റസ സദർ മുഅല്ലിമായി സേവനം ചെയ്യുന്നതിനിടെ, ലക്ഷങ്ങൾ ചെലവ് വരുന്ന കാരുണ്യ പദ്ധതികൾ ഏറ്റെടുത്ത് വിജയിപ്പിക്കാനാകുന്നത് അല്ലാഹുവിന്റെ സഹായം ഒന്നുകൊണ്ട് മാത്രമാണെന്ന് മുഈനുദ്ദീൻ മുസ്‌ലിയാർ പറയും.



 

Latest News