കിഴക്കൻ പ്രവിശ്യയിൽ പ്രവാസികൾക്ക് ആശ്വാസമായി നോർക്ക ഹെൽപ് ഡെസ്‌ക്

ദമാം- നോർക്ക ഹെൽപ് ഡെസ്‌ക്ക് പ്രവർത്തനം കിഴക്കൻ പ്രവിശ്യയിൽ പ്രവാസികൾക്കിടയിൽ ഏറെ സഹായകം.  കോവിഡ് 19 വൈറസ് വ്യാപനം ശക്തമാകുകയും അതിനെ തുടർന്ന്  രാജ്യത്ത് കർശന നിയന്ത്രണങ്ങൾ നിലവിൽ വരികയും ചെയ്തതോടെ, ടാക്‌സി ഡ്രൈവർമാർ, ഹൗസ് ഡ്രൈവർമാർ, സാധാരണ തൊഴിലാളികൾ, സന്ദർശക വിസയിലെത്തിയ താഴ്ന്ന വരുമാനക്കാരായ നിരവധി കുടുംബങ്ങൾ എന്നിവർക്കാണ് ഭക്ഷണവും മരുന്നും എത്തിച്ചു ഹെൽപ് ഡെസ്‌ക് ശക്തമായ പ്രവർത്തനം കാഴ്ചവെക്കുന്നത്. കിഴക്കൻ പ്രവിശ്യയിലെ മുഖ്യധാര സംഘടനകളും പ്രാദേശിക സംഘടനകളും നാട്ടു കൂട്ടങ്ങളും ചേര്ന്നാണ് ഒരു മാസം മുമ്പ് ദമാമിൽ നോർക്കയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്‌ക്കിനു രൂപം നൽകിയത്. രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടു താമസ സ്ഥലത്ത് തന്നെ ഒറ്റപ്പെട്ടു കഴിഞ്ഞ നിരവധി പ്രവാസികളുടെ പ്രശനങ്ങൾ പരിഹരിക്കുന്നതിനും ഹെൽപ് ഡെസ്‌ക്ക് സഹായകമായി. ഇത്തരം സാഹചര്യത്തിൽ പ്രവാസികൾക്ക് ശക്തമായ മാനസിക പിന്തുണ നൽകി പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ ഏകോപിപ്പിക്കുന്നതിനു നോർക്കയുടെ നേതൃത്വത്തിൽ തന്നെ കിഴക്കൻ പ്രവിശ്യയിൽ ടാസക്ക് ഫോഴ്‌സിന് രൂപം നൽകുകയും ചെയ്തു. ആയിരക്കണക്കിന് പ്രവാസികൾ ഇതിനകം ഹെൽപ് ഡെസ്‌ക്കിന്റെ ഗുണഭോക്താക്കളായി. 
വിവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ ഈ മേഖലയിൽ കഴിയുന്നതായും ഇവരിൽ നിന്നും ആവശ്യങ്ങൾ വന്നതോടെ പരമാവധി ആളുകൾക്ക് മരുന്നുകൾ നൽകാനായെന്നും സാമൂഹ്യ പ്രവർത്തകർ പറയുന്നു. ഓരോ ദിവസം കഴിയുംതോറും ആവശ്യക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് വരുന്നതെന്നും അഭിമാനം കൊണ്ട് പട്ടിണി പുറത്തറിയിക്കാൻ കഴിയാതെ നിരവധി കുടുംബങ്ങളും ഇവിടെ കഴിയുന്നുണ്ടെന്നും സമൂഹത്തിൽ ഏറെ ഉന്നതരായ വ്യക്തികളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും സാമൂഹ്യ പ്രവർത്തകർ പറയുന്നു. നിലവിൽ കർഫ്യൂ ഇളവു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങിളിലും പോലീസ് പരിശോധന ഇപ്പോഴും ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ആവശ്യക്കാർക്ക് സഹായമെത്തിക്കാൻ സാമൂഹ്യ പ്രവർത്തകർ ഏറെ പ്രയാസപ്പെടുന്നതായാണ് അറിയുന്നത്. നൂറുകണക്കിന് സാമൂഹ്യ പ്രവർത്തകർ നോർക്ക ഹെൽപ് ഡെസ്‌ക്കിനു കീഴിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ എംബസ്സി ചിലർക്ക് മാത്രമാണ് അനുമതി പത്രം നൽകിയിരിക്കുന്നത്. 

ജിദ്ദയിൽ കോൺസുലേറ്റും റിയാദിൽ എംബസിയും ഉണ്ടെന്നിരിക്കെ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുള്ള കിഴക്കൻ പ്രവിശ്യയിൽ നിലവിലെ സാഹചര്യത്തിലെങ്കിലും ഇവിടുത്തെ ജീവകാരുണ്യ പ്രവർത്തനം എകോപിപ്പിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കാൻ ആവശ്യമുയർന്നിട്ടുണ്ട്. നിരവധി പ്രവാസികൾ കോവിഡ് രോഗികളാണെന്നു പരിശോധനയിലൂടെ തെളിഞ്ഞിട്ടും അവർക്ക് ആശുപത്രിയിലേക്ക് പോകുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ കേന്ദ്രങ്ങളിലെത്താൻ താമസം നേരിടുന്നുണ്ട്. നിരവധി സ്വകാര്യ ആംബുലൻസുകൾ  വിവിധ സ്വകാര്യ ആശുപത്രികളിൽ ഉണ്ടെന്നിരിക്കെ അവ ഉപയോഗിക്കാനെങ്കിലും അനുമതി ലഭിക്കുന്നതിന് ഇന്ത്യൻ എംബസി ശ്രമിക്കണമെന്നും ആവശ്യം ഉയർന്നു. 

Latest News