Sorry, you need to enable JavaScript to visit this website.

സൗദിയിൽ പൊതുമേഖലയിൽ നിന്ന് വിദേശികളെ പിരിച്ചുവിടുന്നു

റിയാദ് - സർക്കാർ വകുപ്പുകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തിന് സിവിൽ സർവീസ് മന്ത്രാലയം തുടക്കമിട്ടതായി ഡെപ്യൂട്ടി സിവിൽ സർവീസ് മന്ത്രി അബ്ദുല്ല അൽമുലഫി അറിയിച്ചു. ഗവൺമെന്റ് വകുപ്പുകളിൽ ജോലി ചെയ്യുന്ന വിദേശികൾക്കു പകരം പടിപടിയായി സൗദികളെ നിയമിക്കുന്നതിനാണ് പദ്ധതി. സൗദി പൗരന്മാർക്ക് ലഭിക്കുന്ന സേവനങ്ങളെ പ്രതികൂലമായി ബാധിക്കാത്ത നിലക്ക് സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള വസ്തുനിഷ്ഠമായ പദ്ധതിക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെ മന്ത്രാലയം രൂപംനൽകിയിട്ടുണ്ട്. 2020 ഓടെ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന 28,000 വിദേശികൾക്കു പകരം സൗദികളെ നിയമിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ഈ ലക്ഷ്യത്തോടെ ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി നിരവധി ശിൽപശാലകൾ സിവിൽ സർവീസ് മന്ത്രാലയം സംഘടിപ്പിച്ചിട്ടുണ്ട്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളിൽ കൂടുതലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസും അടക്കമുള്ള വിവിധ വകുപ്പുകൾ പരസ്പര സഹരണത്തോടെ തീവ്രശ്രമം നടത്തുന്നതിലൂടെ സൗദിവൽക്കരണ ശ്രമത്തിൽ ഉദ്ദിഷ്ട നേട്ടങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് സാധിക്കും. ഗവൺമെന്റ് വകുപ്പുകളിൽ ജോലി ചെയ്യുന്ന വിദേശികളെ നിരീക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മറ്റൊരു പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സർക്കാർ വകുപ്പുകളുടെ ആവശ്യം മുതൽ വിദേശികൾക്കു പകരം സൗദികളെ നിയമിക്കുന്നതു വരെ വിദേശികളെ സാങ്കേതിക സംവിധാനം വഴി നിരീക്ഷിക്കുന്നതിനാണ് പദ്ധതി.

ഇത് നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായും ജവാസാത്ത് ഡയറക്ടറേറ്റുമായും ഏകോപനം നടത്തും. മുഴുവൻ സർക്കാർ ജോലികളും സൗദികൾക്ക് അവകാശപ്പെട്ടതാണെന്ന കാഴ്ചപ്പാടിൽ ഊന്നിയാണ് സൗദിവൽക്കരണ പദ്ധതി നടപ്പാക്കുക. യോഗ്യരായ സൗദികളെ കിട്ടാനില്ലാത്ത സാഹചര്യങ്ങളിൽ മാത്രമേ വിദേശികളെ നിയമിക്കുന്നത് സിവിൽ സർവീസ് മന്ത്രാലയം അംഗീകരിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പൊതുഖജനാവിൽ നിന്ന് നേരിട്ട് വേതനം ലഭിക്കുന്ന മുക്കാൽ ലക്ഷത്തോളം വിദേശികളാണ് രാജ്യത്തുള്ളത്. ഇവരിൽ 90 ശതമാനത്തോളവും ഡോക്ടർമാരും നഴ്‌സുമാരും യൂനിവേഴ്‌സിറ്റി അധ്യാപകരുമാണ്.
 

Latest News