Sorry, you need to enable JavaScript to visit this website.

കൊറോണ വ്യാപനം കുറയുന്നു; നിയന്ത്രണങ്ങള്‍  ലഘൂകരിക്കാനൊരുങ്ങി ഓസ്‌ട്രേലിയ

മെല്‍ബണ്‍-കൊറോണ വൈറസ് വ്യാപനം കുറഞ്ഞുവന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനൊരുങ്ങി ഓസ്‌ട്രേലിയ. ദേശീയ മന്ത്രിസഭയാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. മാര്‍ച്ചിലാണ് ഓസ്‌ട്രേലിയ കൊറോണ വ്യാപനത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിലവില്‍ കൊറോണ വ്യാപനം രാജ്യത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ദിവസം ഇരുപതില്‍ താഴെ മാത്രമാണ് ഓസ്‌ട്രേലിയയില്‍ പുതിയ രോഗികള്‍. സംസ്ഥാനങ്ങളിലേയും പ്രവിശ്യകളിലേയും നേതാക്കളുമായി ചര്‍ച്ച നടത്തി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് പരിഗണിക്കുമെന്ന് ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള സമയക്രമം മന്ത്രിസഭ ചേര്‍ന്ന് തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ടും പ്രതികരിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൊറോണ വിനാശകരമായി ബാധിച്ചിട്ടുണ്ട്. 30 വര്‍ഷത്തെ ആദ്യ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ഓസ്‌ട്രേലിയ പ്രവേശിച്ചിരിക്കുന്നത്. ഈ വര്‍ഷം ജി.ഡി.പിയില്‍ ആറ് ശതമാനം ഇടിവുണ്ടാകുമെന്നും തൊഴിലില്ലായ്മ 10 ശതമാനത്തില്‍ എത്തുമെന്നും ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് കണക്കാക്കുന്നു.
 ഇതുവരെ ഓസ്‌ട്രേലിയയില്‍ 7000ത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. 97 പേര്‍ മരിച്ചു. നിലവില്‍ എണ്ണൂറോളം പേര്‍ മാത്രമാണ് രോഗത്തിന് ചികിത്സയിലുള്ളത്.
 

Latest News