കൊച്ചി- ബഹ്‌റൈനില്‍നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം കൊച്ചിയില്‍ എത്തി. വെള്ളിയാഴ്ച രാത്രി 11.35 നാണ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറക്കിയ യാത്രക്കാരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുകയാണ്.
പ്രാദേശിക സമയം വൈകിട്ട് 4.50നാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം മനാമയില്‍നിന്ന് പുറപ്പെട്ടത്. നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയായിരുന്നു ഇത്.
കോവിഡ് 19 തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തിയാണ് മനാമയില്‍ യാത്രക്കാരെ വിമാനത്തില്‍ കയറ്റിയത്. അഞ്ച് കൈക്കുഞ്ഞുങ്ങളടക്കം 177 പേരാണ് യാത്രക്കാര്‍. ഗര്‍ഭിണികളും രോഗികളും തൊഴിലാളികളുമടക്കം അടിയന്തരമായി നാട്ടിലേക്ക് എത്തേണ്ടവരായിരുന്നു എല്ലാവരും.
തിങ്കളാഴ്ചത്തെ കോഴിക്കോട് വിമാനത്തില്‍ പോകാന്‍ അവസരം ലഭിച്ചവര്‍ക്ക് ശനിയാഴ്ച രാവിലെ 10 മുതല്‍ ടിക്കറ്റ് വിതരണം ചെയ്യുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്.
നാട്ടിലേക്ക് തിരിച്ചുപോകുന്നതിന് 13,000ലേറെ പേരാണ് ഇതുവരെ മനാമ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത്.