മലപ്പുറം- റിയാദിൽ നിന്നെത്തിയ വിമാനത്തിലെ മൂന്നു യാത്രക്കാരെ കോവിഡ് മുൻകരുതലിന്റ ഭാഗമായി ആശുപത്രികളിലേക്ക് മാറ്റി. വിമാനത്താവളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തിയവരെയാണ് മാറ്റിയത്. അർബുദ രോഗിയായ കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അലർജി പ്രശ്‌നവും തലവേദനയുമുള്ള രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവരെ ഇന്ന് കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഈ വിമാനത്തിൽ 152 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരിൽ 84 പേരും ഗർഭിണികളാണ്. ശേഷിക്കുന്നവരിൽ 22 കുട്ടികളും ഉൾപ്പെടും.ഗർഭിണികളിൽ 23 പേരും,കുട്ടികളിൽ 11 പേരും മലപ്പുറം ജില്ലക്കാരാണ്. സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്നുള്ള 139 പേരും കർണാടക,തമിഴ്‌നാട് സ്വദേശികളായ 10 പേരുമാണ്കരിപ്പൂരിലെത്തിയ വിമാനത്തിലുണ്ടായിരുന്നത്.സംഘത്തിൽ അഞ്ച് പേർ അടിയന്തര ചികിത്സക്കെത്തിയവരാണ്. എഴുപത് വയസിന് മുകളിൽ പ്രായമുള്ള മൂന്നു പേരും സംഘത്തിലുണ്ടായിരുന്നു.കുട്ടികളിൽ 15 പേരും മാതാക്കൾക്കൊപ്പമാണ് തിരിച്ചെത്തിയത്.






