Sorry, you need to enable JavaScript to visit this website.
Saturday , August   13, 2022
Saturday , August   13, 2022

ടോളമിയുടെ ഗോള ശാസ്ത്ര വാദങ്ങൾ തെറ്റാണെന്ന് തെളിയിച്ച നാസിറുദ്ദീൻ അൽതൂസി

ജ്യോതിശാസ്ത്ര രംഗത്ത് രണ്ടാം നൂറ്റാണ്ടിലെ ടോളമിയുടെയും 16 ാം നൂറ്റാണ്ടിലെ കോപർനിക്കസിന്റെയും യുഗത്തിനിടയിലെ ഏറ്റവും പ്രമുഖ ശാസ്ത്രജ്ഞനായാണ് പതിമൂന്നാം നൂറ്റാണ്ടിലെ നാസിറുദ്ദീൻ അൽതൂസിയെന്ന അബൂ ജഅഫർ മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ അൽഹസൻ അൽതൂസി അറിയപ്പെടുന്നത്. ഭൂമി കേന്ദ്രീകൃത പ്രപഞ്ചമെന്ന ടോളമിയുടെ വാദത്തെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ തള്ളിക്കളഞ്ഞ അദ്ദേഹം കോപർനിക്കസ് അടക്കം പിൽകാലത്ത് ഉദയം ചെയ്ത ശാസ്ത്രജ്ഞർക്ക് മാർഗദർശിയായിരുന്നു. പാശ്ചാത്യ ലോകത്തെ പ്രമുഖരായ തോമസ് അഖ്വിനോസ്, റോജർ ബാേക്കാൻ എന്നിവരുടെ സമകാലികനായ അദ്ദേഹം വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, ഗോളശാസ്ത്രം, തത്വചിന്ത തുടങ്ങിയ മേഖലകളിൽ ഒരു വെള്ളി നക്ഷത്രമായി പ്രോജ്ജ്വലിച്ച് നിന്നു. 
മുഹഖിഖു തൂസി എന്ന പേരിൽ പ്രസിദ്ധനായ ഇദ്ദേഹം ഇറാനിലെ തൂസിൽ ഹിജ്‌റ 597/ എ.ഡി 1201 ഫെബ്രുവരി 18 ന് ഇത്‌നാ അശറ: വിഭാഗത്തിൽ പെട്ട ശിയാ കുടുംബത്തിലാണ് ജനിച്ചത്. പിതാവിൽ നിന്ന് മതം, ശാസ്ത്ര വിഷയങ്ങളിൽ പ്രാഥമിക ജ്ഞാനം കരസ്ഥമാക്കിയ ശേഷം ഉന്നത പഠനത്തിനായി നിഷാപൂരിലെത്തുകയും ഫരീദുദ്ദീൻ ദമ്മാദിൽ നിന്ന് തത്വചിന്തയും ഖുത്ബുദ്ദീൻ മിസ്‌രിയിൽ നിന്ന് വൈദ്യശാസ്ത്രവും മുഹമ്മദ് അൽഹാസിബ് അൽമർവസിയിൽ നിന്ന് ഗണിതവും അഭ്യസിച്ചു. മൊസൂളിൽ വെച്ച് കമാലുദ്ദീൻ മിസ്‌രിയിൽ നിന്ന് ഗണിത ശാസ്ത്രവും ഗോളശാസ്ത്രവും പഠിച്ചിരുന്നു. വൈദ്യശാസ്ത്രത്തിലെ അഗ്രേസര പണ്ഡിതനായ അൽറാസിയുടെ ശിഷ്യത്വം കൂടി ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രശസ്തി വാനോളം ഉയർന്നു. അറബി, പേർഷ്യൻ, തുർക്കിഷ് ഭാഷകളിൽ അഗാധ അവഗാഹം നേടിയിരുന്ന അദ്ദേഹം 1232 ൽ നാസിറുദ്ദീൻ മുഅ്തസിം എന്ന ഖുറാസാനി സുൽത്താന്റെ രാജസദസ്സിൽ സ്ഥാനമുറപ്പിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അഖ്‌ലാഖെ നാസിരി എന്ന പേരിൽ ഒരു ഗ്രന്ഥവും രചിച്ചു. തുടർന്ന് അബ്ബാസി ഖലീഫയുടെ രാജസദസ്സിൽ സ്ഥാനം നേടാൻ അദ്ദേഹത്തിന്റെ മന്ത്രിക്ക് ഖലീഫയെ പുകഴ്ത്തുന്ന ഒരു കവിതയോടെയുള്ള കത്ത് കൈമാറി. അബ്ബാസി ഭരണകൂടത്തോട് ശത്രുതയിലായിരുന്ന അൽമുഅ്തസിം ഇതറിഞ്ഞതോടെ കോപാകുലനായി അൽതൂസിയെ ജയിലിലടച്ചു. വർഷങ്ങൾ നീണ്ടു നിന്ന ജയിൽവാസവും തന്റെ വിജ്ഞാന വികാസത്തിനായി അദ്ദേഹം വിനിയോഗിച്ചു.


മംഗോളിയൻ രാജാവായ ഹൂലാഖു ഖാൻ ഇസ്മാഈലി ഭരണാധികാരികളിൽ നിന്ന് ഇറാൻ പിടിച്ചടക്കിയതോടെ അൽതൂസിയുടെ ഭാഗ്യം തെളിഞ്ഞു. ഹൂലാഖു അദ്ദേഹത്തെ മോചിപ്പിക്കുക മാത്രമല്ല തന്റെ ശാസ്ത്ര ഉപദേശകനാക്കുകയും ചെയ്തു. മറാഗയിൽ ഒരു പരീക്ഷണശാല നിർമ്മിക്കാൻ അൽതൂസി നിർദ്ദേശിച്ചത് ഏറെ താൽപര്യപൂർവ്വം ഹൂലാഖു ഖാൻ സമ്മതിക്കുകയും 12 വർഷത്തോളം അതിന്റെ ചുമതലയിൽ ഇരിക്കുകയും ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ഖുതുബുദ്ദീൻ ശീറാസി, മുഹ്‌യുദ്ദീൻ അൽമഗ്‌രിബി, മുഹ്‌യുദ്ദീൻ അൽഉർദി, ഫാഓ മുൻജി എന്ന ഒരു ചൈനീസ് ശാസ്ത്രജ്ഞനടക്കം അക്കാലത്തെ പ്രമുഖ ശാസ്ത്ര പ്രതിഭകളെ ഈ പരീക്ഷണശാലയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ജ്യോതിശാസ്ത്ര ചരിത്രത്തിലെ പല ചലനങ്ങൾക്കും വേദിയായ ഈ കേന്ദ്രത്തോടനുബന്ധിച്ച് ലൈബ്രറിയും പള്ളിയും റെസ്റ്റ് ഹൗസും നിർമിച്ചിരുന്നു.
ടോളമിയുടെ ഗോള ശാസ്ത്ര സിദ്ധാന്തം തെറ്റാണെന്ന് സമർഥിച്ച് പുതിയ സിദ്ധാന്തം അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ കഴിവിന്റെ നേർദർശനമാണ്. ഭൂമിക്ക് ചുറ്റും ഗ്രഹങ്ങൾക്ക് വൃത്തപഥം നൽകാനായി ജോമട്രി കൊണ്ട് ടോളമി സൃഷ്ടിച്ച ജാലവിദ്യ അത്ഭുതകരമാണ്. ഭൂമിക്ക് ചുറ്റും സൂര്യനുൾപ്പെടെയുള്ള ഗ്രഹങ്ങൾ ചുറ്റിത്തിരിയുകയാണെന്നായിരുന്നു ടോളമിയുടെ സിദ്ധാന്തം. ഭൂമി ഒരിടത്ത് അനങ്ങാതെ നിൽക്കുകയും സൂര്യൻ കിഴക്കുദിച്ച് ആകാശയാത്ര നടത്തി പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നുവെന്ന ടോളമിയുടെ നിരീക്ഷണം കാലങ്ങളോളം ലോകം വിശ്വസിച്ചു. എന്നാൽ ടോളമിയുടെ ഭൂമി കേന്ദ്രീകൃത സിദ്ധാന്തം തെറ്റാണെന്ന് തന്റെ തൂസി കപ്ൾ എന്ന ജ്യോതിശാസ്ത്ര ഉപകരണം കൊണ്ട് അദ്ദേഹം തെളിയിക്കുകയും പകരം സൗരകേന്ദ്രീകൃത സിദ്ധാന്തം അവതരിപ്പിക്കുകയും ചെയ്തു. ടോളമിയുടെ സിദ്ധാന്തത്തിന് പല പ്രതിഭാസങ്ങളും വിശദീകരിക്കാൻ സാധിച്ചിരുന്നില്ലെന്നതാണ് വാസ്തവം. ഗ്രഹങ്ങളായ ബുധനും ശുക്രനും സൂര്യനിൽ നിന്ന് പ്രത്യേക ദൂരത്തിൽ കൂടുതൽ അകലുന്നില്ല എന്നത് അതിലൊന്നായിരുന്നു. ബുധന് ഇത് 28 ഡിഗ്രിയും ശുക്രന് 48 ഡിഗ്രിയും ആണ്. ഇവ കിഴക്കായാലും പടിഞ്ഞാറായാലും ഇതിൽ കൂടുതൽ അകലില്ല. ഇവ ഭൂമിയെ ചുറ്റുകയാണെങ്കിൽ ഇപ്രകാരം സംഭവിക്കില്ലെന്ന് അൽതൂസി നിരീക്ഷിച്ചു. 
രണ്ട് വൃത്തത്തിന്റെ ചലനത്തിന്റെ തുകയിൽ നിന്ന് ഒരു രേഖീയ ചലനം രൂപപ്പെടുമെന്ന അദ്ദേഹത്തിന്റെ ഈ തൂസി കപ്ൾ ആണ് പിൽക്കാലത്ത് ഇബ്‌നു ശാത്തിറും കോപ്പർനിക്കസും പിന്തുടർന്നത്. എന്നാൽ പല ഗ്രഹങ്ങളെ സംബന്ധിച്ചുമുള്ള ടോളമിയുടെ നിരീക്ഷണങ്ങൾ മാറ്റിത്തിരുത്താൻ അൽതൂസിക്ക് സാധിച്ചെങ്കിലും ബുധൻ ഗ്രഹത്തിന്റെത് സാധിച്ചിരുന്നില്ല. അത് ശാത്തിറിനും അലി ഖുശ്ജിക്കുമാണ് സാധിച്ചത്. ടോളമിയെ എതിർക്കാൻ തൂസി അവതരിപ്പിച്ച അതേ ന്യായങ്ങളായിരുന്നു കോപർനിക്കസും ഉപയോഗിച്ചിരുന്നത്. പക്ഷെ കോപ്പർനിക്കസ്സിന്റെ സിദ്ധാന്തത്തിലും ചില പിഴവുകൾ ഉണ്ടായിരുന്നു. അദ്ദേഹം ഗ്രഹങ്ങളുടെ പരിക്രമണം വൃത്താകൃതിയിൽ ആണെന്നായിരുന്നു കരുതിയത്. 
ഗണിത ശാസ്ത്രത്തിൽ നിന്ന് വേർപ്പെടുത്തി ത്രികോണമിതിയെ പുതിയൊരു ശാഖയാക്കി അവതരിപ്പിച്ചത് അൽതൂസിയാണ്. ത്രികോണമിതിയുടെ സ്ഥാപകനാണ് അദ്ദേഹമെന്നും അഭിപ്രായമുണ്ട്. ഗോളീയ ത്രിമാന ഗണിതത്തെ ജ്യോതിശാസ്ത്ര ഗവേഷണത്തിൽ അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു. ക്ഷീരപഥങ്ങളെ കുറിച്ചും അൽതൂസി ചില നിഗമനങ്ങൾ മുന്നോട്ടുവെച്ചിരുന്നു. മേഘ സാന്നിധ്യം കാരണം പാലിന്റെ നിറമാണ് ക്ഷീരപഥത്തിനെന്നും നിരവധി ചെറിയ നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്നതാണതെന്നും അദ്ദേഹം നിരീക്ഷിച്ചു. 1610 ൽ ഗലീലിയോ ടെലിസ്‌കോപ് വഴി ഇതു സ്ഥിരീകരിക്കുകയും ചെയ്തു.


ചാൾസ് ഡാർവിന് 600 വർഷം മുമ്പ് പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വങ്ങൾ അവതരിപ്പിച്ചത് നാസിറൂദ്ദീൻ അൽതൂസിയാണ്. തന്റെ അഖ്‌ലാഖ് നാസിരി എന്ന ഗ്രന്ഥത്തിലാണിതദ്ദേഹം വിശദീകരിക്കുന്നത്. ഡാർവിൻ അനുമാന യുക്തിയെ ആധാരമാക്കിയപ്പോൾ അൽതൂസി ഉപയോഗിച്ചത് പ്രമാണബദ്ധമായ യുക്തിയെയായിരുന്നു. സിദ്ധാന്തത്തിൽ നിന്ന് വസ്തുതയിലേക്കാണ് അൽതൂസി നീങ്ങിയത്. ഡാർവിൻ തിരിച്ചും. ഭൂമിയിലെ എല്ലാ വസ്തുക്കളും മൂലകങ്ങളായിരുന്നുവെന്നും അത് പരിണമിച്ച് ധാതുക്കളുണ്ടായെന്നും അത് പിന്നീട് സസ്യങ്ങളായും മൃഗങ്ങളായും മനുഷ്യരായും പരിണമിച്ചുവെന്നമാണദ്ദേഹം തെളിയിക്കുന്നത്. മനുഷ്യ സ്വഭാവമുള്ള ആൾ കുരങ്ങുകൾ പശ്ചിമ സുഡാനിലും മറ്റും ജീവിച്ചിരുന്ന മനുഷ്യരുടെ പൂർവീകരാണെന്നും അത്തരം പുരോഗമിച്ച മൃഗങ്ങളിൽ നിന്ന് മനുഷ്യൻ പരിണമിച്ചുവെന്നും ഈ ഗ്രന്ഥത്തിൽ പരാമർശമുണ്ട്. അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ച ശേഷം അവന്റെ നിയന്ത്രണത്തിൽ അത് സ്വന്തമായി വികസിക്കുകയും ജീവികളും മറ്റും ഉണ്ടാവുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ മതം. പക്ഷേ പല പണ്ഡിതരും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ അംഗീകരിക്കുന്നില്ല.
1274ൽ തന്റെ ശിഷ്യന്മാരോടൊപ്പം ബഗ്ദാദിലേക്ക് പോയ അദ്ദേഹം അവിടെ വെച്ച് ഇഹലോകവാസം വെടിയുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണാർധ ഭാഗത്തെ 60 കി.മീ വ്യാസമുള്ള ഗർത്തത്തിന് പിൽക്കാലത്ത് ശാസ്ത്രജ്ഞർ നാസിറുദ്ദീൻ എന്ന് ബഹുമാനാർഥം പേരിട്ടിട്ടുണ്ട്.
അൽതൂസി രചിച്ച 150 ഗ്രന്ഥങ്ങളിൽ 20 എണ്ണം പേർഷ്യൻ ഭാഷയിലും ബാക്കിയുള്ളവ അറബിയിലുമായിരുന്നു. ഗോളശാസ്ത്രം, ജ്യോതിഷം, അങ്കഗണിതം, ത്രിമാനഗണിതം, വൈദ്യം, ധാതുവിദ്യ, തർക്കശാസ്ത്രം, തത്വചിന്ത, ദൈവികശാസ്ത്രം തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും അദ്ദേഹത്തിന് ഗ്രന്ഥങ്ങളുണ്ട്. തദ്‌രിക (ഗോളശാസ്ത്രം), ശക്‌ലുൽ ഖിത്വാ (ത്രിമാനഗണിതം), തൻസുക് നാമ (ധാതുശാസ്ത്രം), അഖ്‌ലാഖെ നാസിരി (എതിക്‌സ്), തജ്‌രീദ് (തിയോളജി) തുടങ്ങിയവ അവയിൽ ചിലതാണ്. ശിയാ മദ്ഹബ് അനുധാവനം ചെയ്തിരുന്ന അദ്ദേഹം രചിച്ച ഗ്രന്ഥമാണ് തജ്‌രീദ്. ഇതിൽ ശിയാ വിശ്വാസ സംഹിതകൾ പ്രതിപാദിക്കുന്നുണ്ട്. 400 ലധികം വിശദീകരണങ്ങൾ ഈ ഗ്രന്ഥത്തിന് രചിക്കപ്പെട്ടിട്ടുണ്ട്.


 

Latest News