പത്തനംതിട്ട- വിദേശത്തു നിന്നെത്തുന്നവർക്കും റെഡ് സോണുകളിൽ നിന്ന് എത്തുന്നവർക്കും ജില്ലയിൽ കർശന നിരീക്ഷണം. അബുദാബിയിൽ നിന്ന് വ്യാഴാഴ്ച രാത്രി എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്ന പത്തനംതിട്ട ജില്ലക്കാരായ ഏഴു പേരിൽ നാലു പേരെ റാന്നി താലൂക്കിലെ റാന്നി ഗേറ്റ്‌വേ റസിഡൻസി കോവിഡ്-19 നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു.
രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളും ഉൾപ്പെടെ നാല് പേരെയാണ് നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്. കുറിയന്നൂർ, പെരിങ്ങര, വെച്ചൂച്ചിറ, വായ്പൂർ സ്വദേശികളാണിവർ. ഗർഭിണികളായ നെടുമ്പ്രം, ഇരവിപേരൂർ സ്വദേശിനികൾ വിമാനത്താവളത്തിൽ നിന്ന് ടാക്‌സിയിൽ വീടുകളിൽ എത്തി നിരീക്ഷണത്തിലായി. പിതാവിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് ദുബായിൽ നിന്നും എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ചിറ്റാർ സ്വദേശി ആംബുലൻസിൽ ചിറ്റാറിലെ വീട്ടിൽ എത്തി നിരീക്ഷണത്തിലായി.
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരുടെ യാത്ര ഒരേ കെ.എസ്.ആർ.ടി.സി ബസിലായിരുന്നു. കോട്ടയം ജില്ലയിൽ ഉള്ളവരെ അവിടെ ഇറക്കിയ ശേഷം പുലർച്ചെ 4.53ന് ബസ്പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലെത്തി. ജംഗ്ഷനിൽ ജില്ലാ കലക്ടർ പി.ബി. നൂഹ് പ്രവാസികളെ സ്വീകരിച്ചു.
തുടർന്ന് 5.25 ന് നാലു പേരെയും റാന്നിയിലെത്തിച്ചു. റാന്നി ഡെപ്യൂട്ടി തഹസിൽദാർ എം.കെ.അജികുമാർ, പഴവങ്ങാടി വില്ലേജ് ഓഫീസർ ആർ സന്തോഷ് കുമാർ, റാന്നി താലൂക്ക് ആശുപത്രി ആർ.എം.ഒ വി.ആർ വൈശാഖ് എന്നിവർ ചേർന്നാണ് പ്രവാസികളെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ജില്ലയിലേക്ക് എത്തുന്നവരിൽ റെഡ്‌സോണിൽ നിന്നുള്ളവരെ കോവിഡ് കെയർ സെന്ററുകളിലും മറ്റുള്ളവരെ വീടുകളിലും നിരീക്ഷണത്തിലാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് ജില്ലാ കലക്ടർ പി.ബി നൂഹ് നിർദേശം നൽകി. കലക്ടറേറ്റിൽ പഞ്ചായത്ത് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു കലക്ടർ. വരും ദിവസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമായി ജില്ലയിലേക്ക് കൂടുതൽ ആളുകൾ വരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് തലത്തിൽ കൂടുതൽ ക്രമീകരണങ്ങൾ ഉണ്ടാകണം. റെഡ് സോണിൽനിന്നു വരുന്നവരെ പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിച്ച് കോവിഡ് കെയർ സെന്ററുകളിൽ ഐസൊലേറ്റ് ചെയ്യണം. ഐസൊലേറ്റ് ചെയ്തവർ മുറിക്ക് പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം. മറ്റു സ്ഥലങ്ങളിൽ നിന്നെത്തുന്നവരെ വീടുകളിൽ ക്വാറന്റൈൻ ചെയ്യണം. ഇവരും വീടുകളിൽ മറ്റുള്ളവരുമായി കൃത്യമായ അകലം പാലിച്ച് മുറിയ്ക്കകത്ത് തന്നെ കഴിയണം.






