Sorry, you need to enable JavaScript to visit this website.

സൗദിയിൽ സ്വർണ ഉൽപാദനം പത്തിരട്ടിയായി വർധിപ്പിക്കുക ലക്ഷ്യം -വ്യവസായ മന്ത്രാലയം

റിയാദ് - സൗദിയിൽ സ്വർണ ഉൽപാദനം പത്തിരട്ടിയായി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നായി വ്യവസായ മന്ത്രാലയം വെളിപ്പെടുത്തി. ഓരോ ധാതുമേഖലയിലും രാജ്യത്തുള്ള നിക്ഷേപാവസരങ്ങൾ നിർണയിക്കുന്നതിന് സമഗ്ര പഠനങ്ങൾ നടത്തിവരികയാണെന്ന് ഡെപ്യൂട്ടി വ്യവസായ മന്ത്രി ഖാലിദ് അൽമുദൈഫിർ അറിയിച്ചു. കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് വീഡിയോ കോൺഫറൻസ് സംവിധാനത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


രാജ്യത്ത് ലഭ്യമായ ധാതുസമ്പത്ത്, ധാതുക്കൾക്കുള്ള പ്രാദേശിക ആവശ്യം, ഉൽപാദന ചെലവിന്റെ മത്സരക്ഷമത എന്നീ മൂന്നു പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനങ്ങൾ നടത്തുന്നത്. ഇരുമ്പ് ഉൽപാദനം ഇരട്ടിയായി ഉയർത്തി ഈ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനും സൗദി ലക്ഷ്യമിടുന്നുണ്ട്. ഫോസ്‌ഫേറ്റ് ഉൽപാദനം വിപുലീകരിക്കാനും ഉന്നമിടുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നു ഫോസ്‌ഫേറ്റ് ഉൽപാദക രാജ്യങ്ങളിൽ ഒന്നായി മാറാനാണ് ഇതിലൂടെ സൗദി ലക്ഷ്യമിടുന്നത്. അലുമിനിയം ഉൽപാദന മേഖലയിൽ ലോകത്തെ ഏറ്റവും വലിയ പത്തു രാജ്യങ്ങളിൽ ഒന്നായി മാറാനും വ്യവസായിക ഉൽപാദന ശേഷി ഉയർത്താനും സൗദി അറേബ്യ ശ്രമിക്കുന്നു. 
കൊറോണ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിന് വിവേകപൂർവമായ തീരുമാനങ്ങളും മുൻകരുതലുകളും സൗദി അറേബ്യ കൈക്കൊണ്ടത് അഭിമാനകരമാണ്. ഈ നടപടികളുമായും തീരുമാനങ്ങളുമായും ഖനന മേഖല അനുകൂലമായി പ്രതികരിച്ചു. ഖനന ലൈസൻസുള്ള നിക്ഷേപകർക്ക് പിന്തുണ നൽകുന്നതിന് ഊന്നൽ കൊടുക്കുന്ന തീരുമാനങ്ങൾ വ്യവസായ മന്ത്രാലയം കൈക്കൊണ്ടിട്ടുണ്ട്. 


കഴിഞ്ഞ സാമ്പത്തിക വർഷത്തെ വകയായി നിക്ഷേപകർ സർക്കാറിലേക്ക് അടക്കേണ്ട ഫീസുകളും മറ്റും ഈടാക്കുന്നത് രണ്ടു മാസത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. ആകെ 50 കോടി റിയാലിന്റെ ആശ്വാസമാണ് ഇതിലൂടെ നിക്ഷേപകർക്ക് ലഭിച്ചത്. ഖനന മേഖലയുടെ സുസ്ഥിരതക്കും നിക്ഷേപകർക്ക് പണ ലഭ്യത ഉറപ്പു വരുത്താനും ഇത് സഹായകമായി മാറും. ഓരോ ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സ്ഥലത്തും ധാതുവിഭവ പര്യവേക്ഷണത്തിന് ആഗോള തലത്തിൽ ചെലവഴിക്കുന്ന ശരാശരി പണത്തിന്റെ 25 ശതമാനത്തിൽ കുറവ് മാത്രമാണ് സൗദി അറേബ്യ ചെലവഴിക്കുന്നത്. ആഗോള ശരാശരിയുടെ അതേ തോതിലേക്കോ അതിൽ കൂടുതലായോ ധാതുവിഭവ പര്യവേക്ഷണത്തിനുള്ള ധനവിനിയോഗം ഉയർത്തേണ്ടത് ആവശ്യമാണ്. 


മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഖനന വ്യവസായ മേഖലയുടെ സംഭാവന 24,000 കോടി റിയാലായി ഉയരണമെന്നാണ് വ്യവസായ മന്ത്രാലയം പ്രത്യാശിക്കുന്നത്. ഈ മേഖലയിൽ നിന്നുള്ള പ്രതിവർഷ സർക്കാർ വരുമാനം 890 കോടിയിലേറെ റിയാലായി ഉയരണമെന്നും ആഗ്രഹിക്കുന്നു. 2030 ഓടെ ഖനന മേഖലയിൽ 2,19,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. 
ഖനന മേഖലയിൽ പരിവർത്തന പ്രക്രിയക്ക് പിന്തുണ നൽകുന്നതിനുള്ള പ്രാഥമിക ബജറ്റ് എന്നോണം 1500 കോടി റിയാൽ നീക്കിവെച്ചിട്ടുണ്ട്. ഭൗമശാസ്ത്ര വിവരങ്ങൾ ലഭ്യമാക്കുന്നതിനും പര്യവേക്ഷണ പ്രക്രിയ വേഗത്തിലാക്കുന്നതിനും നിക്ഷേപം എളുപ്പമാക്കുന്നതിനും സുസ്ഥിരത ഉറപ്പു വരുത്തുന്നതിനും ഖനന മേഖലക്ക് വായ്പകൾ നൽകുന്നതിനുള്ള ഏതാനും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 


കൊറോണ പ്രതിസന്ധി സൃഷ്ടിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനുള്ള സർക്കാർ പദ്ധതികളുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. ധാതുവിഭവ കാര്യങ്ങൾക്കുള്ള വ്യവസായ മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജിനീയർ അഹ്മദ് ഫഖീഹ്, ഖനന വികസന, നിക്ഷേപ വികസന കാര്യങ്ങൾക്കുള്ള വ്യവസായ മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജിനീയർ സ്വാലിഹ് അൽഉഖൈലി, സൗദി ജിയോളജിക്കൽ സർവേ ആക്ടിംഗ് പ്രസിഡന്റ് എൻജിനീയർ സ്വാലിഹ് അൽസഫരി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

 

Latest News