Sorry, you need to enable JavaScript to visit this website.

എത്ര പ്രവാസികൾ മടങ്ങിയെത്തിയാലും സംവിധാനങ്ങളൊരുക്കും-മന്ത്രി ജലീൽ

മലപ്പുറം-ഈ ദുരന്തകാലത്ത് എത്ര പ്രവാസികൾ നാട്ടിൽ മടങ്ങിയെത്തിയാലും അവർക്കെല്ലാം നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹജീവികളോട് കാണിക്കുന്ന കരുതലും സ്‌നേഹവുമാണ് കേരള സർക്കാരിന്റെ മുഖമുദ്ര. കോവിഡ് ബാധിതരോടും അവരുടെ ബന്ധുക്കളോടും ലോക്ഡൗൺ മൂലം ദുരിതത്തിലായിപ്പോയ പാവങ്ങളോടും സഹായ മനസ്സോടെ നിൽക്കാൻ കേരളത്തിന് കഴിഞ്ഞു. ഇത്തരത്തിൽ തികഞ്ഞ കരുതലോടെ പ്രവർത്തിച്ച ഒരു സംസ്ഥാനവും ഇന്ത്യയിലില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കോവിഡ് കെയർ സെന്ററുകളിലും വിമാനത്താവളത്തിലും പ്രവാസികൾക്കായി എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയായിട്ടുണ്ട്. ശുചിമുറി സംവിധാനത്തോടു കൂടിയ മുറികളാണ് ഓരോരുത്തർക്കും നൽകുന്നതെന്നും രോഗം പകരാനുള്ള ചെറിയ സാധ്യതപോലും അവശേഷിക്കാത്ത രീതിയിലാണ് കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തിലും നിരീക്ഷണ കേന്ദ്രങ്ങളിലും ഇതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടർ ജാഫർ മലിക്, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ എന്നിവർ സന്നിഹിതരായിരുന്നു.
 

Latest News