Sorry, you need to enable JavaScript to visit this website.

റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരായ സൈനിക നീക്കം നിര്‍ത്തണമെന്ന് മ്യാന്‍മറിനോട് യുഎന്‍

ജനീവ- മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന വംശീയ ഉന്മൂലനം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്യ സഭ മേധാവി അന്റോണിയോ ഗുട്ടെറെസ് മ്യാന്‍മറിനോട് ആവശ്യപ്പെട്ടു. മ്യാന്‍മറിലെ മാനവിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാ സമതി യോഗം ചേരാനിരിക്കെയാണ് ഗുട്ടെറെസിന്റെ പ്രസ്താവന. റാഖൈനില്‍ നടന്നു വരുന്ന മ്യാന്‍മറിന്റെ സൈനിക നടപടികള്‍ തീര്‍ത്തും അസ്വീകാര്യമാണെന്നും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 

 

'സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കാനും നിയമവാഴ്ച നടപ്പിലാക്കാനും മ്യാന്‍മര്‍ അധികാരികളോട് ഞാന്‍ ആവശ്യപ്പെടുന്നു,' ഗുട്ടെറെസ് പറഞ്ഞു. റോഹിങ്ക്യ മുസ്ലിം ജനസംഖ്യയുടെ മൂന്നിലൊന്നും അഭയം തേടി രക്ഷപ്പെടുന്നു. ഇവിടെ നടക്കുന്നത് വംശീയ ഉന്മൂലനമല്ലാതെ മറ്റൊന്നുമല്ല, അദ്ദേഹം പറഞ്ഞു. 

 

മ്യാന്‍മര്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ കാരണം റാഖൈനില്‍ നിന്ന് ഇതുവരെ 3,80,000 റോഹിങ്ക്യരാണ് അതിര്‍ത്തികടന്ന് ബംഗ്ലാദേശില്‍ അഭയം തേടിയിട്ടുള്ളത്. ഇവര്‍ക്ക് അത്യാവശ്യമായ സഹായങ്ങള്‍ ഉറപ്പു വരുത്താനും യുഎന്‍ സെക്രട്ടറി ജനറല്‍ ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

Latest News