അധ്യാപകരുടേയും ജീവനക്കാരുടേയും മാനസികനില പരിശോധിക്കണമെന്ന് സിബിഎസ്ഇ

ന്യൂഡല്‍ഹി- ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ 12 വയസ്സുകാരന്‍ ക്രൂരമായ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ എല്ലാ സ്‌കൂളുകളിലേയും അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍, ബസ് ഡ്രൈവര്‍മാര്‍, സഹായികള്‍ തുടങ്ങി എല്ലാ ജീവനക്കാരുടേയും മാനസികാരോഗ്യം പരിശോധിച്ച് രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സിബിഎസ് എല്ലാ അഫിലിയേറ്റഡ് സ്‌കൂളുകളോടും ആവശ്യപ്പെട്ടു. അഞ്ചു ദിവസം മുമ്പ് നടന്ന റയാന്‍ സ്‌കൂള്‍ കൊലപാതകക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ അന്വേഷണത്തെ തുടര്‍ന്നാണ് സിബിഎസ്ഇ നീക്കം.

 

കുട്ടികളുടെ സുരക്ഷാ സംബന്ധിച്ച എല്ലാ അഫിലിയേറ്റഡ് സ്‌കൂളുകള്‍ക്കും അയച്ച സര്‍ക്കുലറിലാണ് ഈ നിര്‍ദേശം സിബിഎസ്ഇ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്‌കൂളിലെ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും അപകടത്തിലാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌കൂള്‍ അധികാരികള്‍ക്കു മാത്രമാണെന്നും സിബിഎസ് വ്യക്താക്കുന്നു. സുരക്ഷിതവും സ്വതന്ത്രവുമായ അന്തരീക്ഷത്തിലിരുന്ന് പഠനത്തിലേര്‍പ്പെടുന്നത് എല്ലാ കുട്ടികളുടേയും മൗലികാവകാശമാണെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. 

 

റയാന്‍ സ്‌കൂള്‍ കൊലപാതകത്തിനു ശേഷം ആദ്യമായാണ് കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് സിബിഎസ്ഇ പ്രതികരിക്കുന്നത്. അതേസമയം ജീവനക്കാരുടെ മാനസികനില വിലയിരുത്തി നടത്തുന്ന പരിശോധ സ്‌കൂള്‍ അധികൃതരെ സംബന്ധിച്ച് കഠിനമാകും. ഇത് വളരെ സൂക്ഷിച്ചും വിശദമായും നടത്തണമെന്നാണ് സിബിഎസ്ഇ നിര്‍ദേശിച്ചിരിക്കുന്നത്. 

 

കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമുള്ള നിയമങ്ങളെ കുറിച്ച് സ്‌കൂള്‍ ജീവനക്കാര്‍ക്കിടയില്‍ വ്യക്തമായ അവബോധമുണ്ടാക്കാന്‍ സ്‌കൂള്‍ നടത്തിപ്പുകാര്‍ തയാറാകണമെന്ന് സിബിഎസ്ഇ ഡെപ്യൂട്ടി ഡയറക്ടര്‍ ജയ്പ്രകാശ് ചുതര്‍വേദി ആവശ്യപ്പെട്ടു. 

 

Latest News