തിരുവനന്തപുരം- സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ ധൃതിപിടിച്ച് തുറക്കേണ്ടതില്ലെന്ന് സിപിഎം. ലോക്ക്ഡൗണ്‍ തീരുന്നതിന് മുമ്പ് ഇവ തുറക്കേണ്ടതില്ലെന്നും മെയ് 17 ന് ശേഷം സാഹചര്യം പരിഗണിച്ച്
സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളണമെന്നും സിപിഎം നേതൃയോഗം വിലയിരുത്തി.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗാമായിട്ട് രാജ്യത്ത് ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മദ്യവില്പനക്ക് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേരളം ഇതില്‍നിന്ന് വിട്ടുനിന്നിരുന്നു. വിതരണം പുനരാരംഭിച്ച മിക്ക സംസ്ഥാനങ്ങളിലും മദ്യഷോപ്പുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അവഗണിച്ച് വന്‍തിരക്ക് രൂപപ്പെട്ടത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക പരത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനത്തിന് പാര്‍ട്ടി പിന്തുണയുമായി എത്തുന്നത്.
കഴിഞ്ഞ ദിവസം എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലോക്ക്ഡൗണ്‍ കഴിയുന്നതു വരെ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.






