Sorry, you need to enable JavaScript to visit this website.

വിമാനത്തിന് അനുമതി നല്‍കിയതിന് അപ്പുറം ഊറ്റംകൊള്ളാന്‍ ഒന്നുമില്ല; പ്രവാസികളോട് കാട്ടിയത് കൊടിയ അനീതിയെന്ന് മുല്ലപ്പള്ളി

കോഴിക്കോട്- പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാരിന് ഊറ്റംകൊള്ളാന്‍ ഒന്നുമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. മടങ്ങിയെത്തിയ പ്രവാസികളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടിയത് കൊടിയ അനീതിയാണെന്നും പ്രത്യേക വിമാനത്തിന് അനുമതി നല്‍കി എന്നതിന് അപ്പുറം ഊറ്റംകൊള്ളാന്‍ ഒന്നുമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.  

'എന്തെങ്കിലും ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള രാഷ്ട്രീയനാടകം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് പ്രവാസികള്‍ക്ക് നല്‍കേണ്ടി വന്നത്.തിരികെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ സന്തോഷിച്ച എല്ലാ പ്രവാസികളും ഇപ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്' മുല്ലപ്പള്ളി പറഞ്ഞു.

രണ്ടുമാസമായി ഭക്ഷണത്തിന് പോലും വകയില്ലാത്തവരാണ് തിരിച്ചെത്തിയവരില്‍ ഭൂരിഭാഗവും. കൈയില്‍ കാശില്ലാത്ത പലരും കടം വാങ്ങിയാണ് വിമാന ടിക്കറ്റിനുള്ള പണം കണ്ടെത്തിയത്. കൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഉള്‍പ്പടെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ഇവരില്‍ പലരും. എന്നാല്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് ഇവര്‍ക്ക് പ്രത്യേക വിമാന സര്‍വീസില്‍ യാത്ര അനുവദിക്കുന്നതിന് പകരം പുതിയ ടിക്കറ്റ് ഉയര്‍ന്ന് നിരക്കില്‍ എടുത്തുവേണം യാത്ര ചെയ്യാനെന്നുള്ള നിലപാട് പ്രതിഷേധാര്‍ഹമാണ്. പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പ്രവാസിയെ കൊള്ളയടിക്കുന്ന നടപടിയാണിത്. അടിയന്തിര ക്ഷേമ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ കോടിക്കണക്കിന് രൂപയുള്ളപ്പോഴാണ് പ്രവാസി സമൂഹത്തോട് ഈ അവഗണന. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്‍മാരുടെ പക്കല്‍ നിന്നും പിരിച്ചെടുത്തതാണ് വെല്‍ഫെയര്‍ ഫണ്ടിലെ കോടികള്‍. ഈ ഫണ്ട് ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ വിനിയോഗിക്കുന്നതിന് ഒരു സാങ്കേതിക തടസവുമില്ലെന്ന് ഇരിക്കെ അതു പ്രയോജനപ്പെടുത്താത്തത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Latest News