Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏകാന്തതയുടെ സൗന്ദര്യം

ലോകം വാതിലടച്ച് എല്ലാവരെയും വീട്ടിലിരുത്തിയപ്പോൾ മനസ്സിന്റെ ജാലകം തുറക്കുകയാണ് ഭാവനാചിത്തർ. കഥയും കവിതയും ചിത്രങ്ങളും വിരിയുന്നു. ചമൽക്കാരങ്ങളുടെ, ഭിന്നമെങ്കിലും ചാരുതയാർന്ന രുചിക്കൂട്ടുകൾ. കൊറോണക്കാലത്ത് ഏകാന്തതയുടെ സൗന്ദര്യം നുണയുകയാണ് അവർ. തീർച്ചയായും അത് സർഗാത്മകതയുടെ സൗന്ദര്യമാണ്.

വീട്ടിലിരിപ്പിന്റെ നാൽപതു നാൾ പിന്നിട്ടതോടെ, പലരും ഏകാന്തതയുടെ മുഗ്ധസൗന്ദര്യത്തിലേക്ക് ആഴ്ന്നിറങ്ങിക്കഴിഞ്ഞു. അവരിൽ ഭാവനാചിത്തരായവർ കവിതയായും കഥയായും ചിത്രങ്ങളായുമൊക്കെ കടലാസുകളിലേക്ക് പകരുന്ന ചമൽക്കാരങ്ങളുടെ, ഭിന്നമെങ്കിലും ചാരുതയാർന്ന രുചിക്കൂട്ടുകൾ സർഗാത്മകതയുടെ നവീന പ്രകാശനങ്ങളായി മാറിയിരിക്കുന്നു. ഏകാന്തത ഉന്മാദമുണ്ടാക്കുമെന്ന് ദാർശനികന്മാർ നിരീക്ഷിച്ചു. ഉന്മാദം തന്നെയാണ് കല. അതിനാൽ നാലു ചുവരുകൾക്കുള്ളിൽ മാത്രമൊതുങ്ങുന്ന സഞ്ചാരപഥങ്ങളിൽ മനുഷ്യ മനസ്സ് അന്വേഷിക്കുന്നത് കലയുടെ അകന്മഷ സൗന്ദര്യത്തെയാണ്.

കർഫ്യൂ കാലത്ത്, ഫെയ്‌സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിൽ ഒഴുകിപ്പരക്കുന്ന സർഗസൃഷ്ടികൾ കലയുടെ ദൃശ്യഭംഗി മാത്രമല്ല, ദാർശനിക സൗകുമാര്യവും സ്പർശിക്കുന്നവയാണ്. പൊടുന്നനെ കവിതയെഴുതുന്നവരുടെ എണ്ണം വർധിച്ചിരിക്കുന്നതായി ദോഷൈകദൃക്കുകൾ വിമർശിക്കുന്നുണ്ട്. കവിതയെഴുത്തിലോ വിമർശനത്തിലോ അസ്വാഭാവികമായി ഒന്നുമില്ല എന്നതാണ് വാസ്തവം. പ്രണയവും വിരഹവും കാത്തിരിപ്പും കൂട്ടിരുപ്പുമടക്കമുള്ള പതിവു പ്രമേയങ്ങളോടൊപ്പം ചിന്തയുടെ കാതലും ദർശനത്തിന്റെ കരുത്തുമുള്ള വരികളും വരകളും അവിടെ നീന്തിത്തുടിക്കുന്നുണ്ട്, നിശ്ചയമായും.

ഏകാന്തത ഒരു ഭൗതിക സ്വരൂപമല്ലെന്നും മനുഷ്യ മനസ്സിന്റെ ഗൂഢസൃഷ്ടിയാണെന്നും ചില മനഃശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പലപ്പോഴും  നാം ആൾക്കൂട്ടത്തിൽ തനിയെ ആകുന്നത്, കടുത്ത ബഹളങ്ങളിൽ നിശ്ശബ്ദതയെ ആസ്വദിക്കുന്നത്, മൗനമായി നിലവിളിക്കുന്നത്. അതുകൊണ്ട്, വൈറസ് മനുഷ്യർക്കിടയിൽ സൃഷ്ടിച്ച അകലം അതിന്റെ ഭൗതിക രൂപത്തിൽ മാത്രമേ പ്രസക്തവും കരണീയവുമാകുന്നുള്ളൂ. അകക്കാമ്പിൽ അത് മനുഷ്യനെ കൂടുതൽ അടുപ്പിക്കുകയാണ്. അതിന്റെ ചിത്രണങ്ങൾ നാം എമ്പാടും കാണുന്നുണ്ട്. 

വീടിന് വെളിയിലിറങ്ങാതെ പതിനഞ്ചു വർഷങ്ങൾ അടച്ചുപൂട്ടിയിരുന്ന എമിലി ഡിക്കിൻസൺ ഏകാന്തതയുടെ പ്രണയിനിയായിരുന്നു. 190 വർഷം മുമ്പ് ജീവിച്ചിരുന്ന എഴുത്തുകാരി.  അമേരിക്കൻ കാവ്യലോകത്തെ മൗലിക പ്രതിഭയെന്നാണ് എമിലി അറിയപ്പെടുന്നത്. അവരുടെ ജീവിതത്തെ ചൂഴ്ന്നുനിന്ന ഭയാനകവും നിഗൂഢവുമായ ഏകാന്തത എഴുത്തുകാരുടെ മാത്രമല്ല, ചരിത്രകാരന്മാരുടെയും എക്കാലത്തെയും അന്വേഷണ വിഷയമാണ്. എന്തിനാണ് അവർ ഏകാന്തതയെ പുൽകിയതെന്നതിന് എഴുതാൻ വേണ്ടിയെന്ന ഉത്തരം ആർക്കും തൃപ്തികരമായി തോന്നിയിട്ടില്ല. ജീവിച്ചിരുന്നപ്പോൾ അവർ വിരലിലെണ്ണാവുന്ന (പത്തോ പന്ത്രണ്ടോ) കവിതകൾ മാത്രമാണ് പ്രസിദ്ധീകരിച്ചത്. ജീവിതത്തേക്കാൾ വലിയ ദുരൂഹതയിൽ അവസാനിച്ച അവരുടെ മരണത്തിന് ശേഷമാണ് സഹോദരി, നോട്ടുപുസ്തകത്തിൽ കുറിച്ചിട്ട ഏറെ കവിതകൾ കണ്ടെത്തുന്നതും പ്രസിദ്ധീകരിക്കുന്നതും. ഏകാന്തതയുടെ സൗന്ദര്യത്തെയാണ് അവർ തേടിയതെന്ന് ചിലർ പറയുന്നു. കൂട്ടമായിരിക്കുമ്പോഴും ഉള്ളിൽ ഓരോരുത്തരും അനുഭവിക്കുന്ന ഏകാന്തതയെ അതിന്റെ ഭൗതിക രൂപമായിത്തന്നെ സ്വാംശീകരിക്കുകയായിരുന്നു എമിലി. സ്വയം തീർത്ത തടവറകൾക്കുള്ളിൽ കവിതകൾ പിറക്കുന്നത് യാദൃഛികമല്ലെന്നർഥം.

സ്വയം തീർക്കുന്ന തടവറകളിൽ മാത്രമല്ല, നിർബന്ധിതാവസ്ഥയിൽ ഏകാന്തതയിലേക്ക് തള്ളിവിടപ്പെട്ടവരും ആർക്കും പരാജയപ്പെടുത്താനാവാത്തവനാണ് മനുഷ്യൻ എന്ന് നമ്മെ പഠിപ്പിച്ചു. സർഗശേഷിയുടെ അപാരതകളിലാണ് അവർ അഭയം കണ്ടെത്തിയത്. ജയിലുകളിലെ ഭയാനകമായ ഏകാന്തതയിലും ചിത്രവധത്തിലും പരിഹാസത്തിലും മനസ്സ് നഷ്ടപ്പെടാതെ മാനവരാശിക്ക് അമൂല്യമായ സർഗ സംഭാവനകൾ നൽകിയവർ എത്രയോ ഉണ്ട്, നമ്മുടെ നാട്ടിൽ പോലും, ജവാഹർലാൽ നെഹ്‌റുവിനെപ്പോലെ.

ക്യൂബൻ കവി ദുൽസേ മരിയ ലോയ്‌നസിനെപ്പറ്റി എൻ.ഇ. സുധീർ ഈയിടെയെഴുതിയ ലേഖനത്തിന്റെ തലക്കെട്ട് 'വിശുദ്ധ ഏകാന്തതയിൽ വിരിയുന്ന വാക്കുകൾ' എന്നാണ്. ഏകാന്തത വിശുദ്ധമെന്നോ? 1950 കളിൽ തന്റെ കാവ്യ സപര്യയുടെ ഉത്തുംഗതയിൽ പോലും ലോയ്‌നസ് അധികമറിയപ്പെടാത്ത കവയിത്രിയായിരുന്നു. കാലത്തിന്റെ ഈ അമാന്തത്തിന് കാരണം രാഷ്ട്രീയമെന്ന പോലെ ഏകാന്തതയുടെ കരസ്പർശം കൂടിയെന്ന് സുധീർ വിലയിരുത്തുന്നു. 1992 ലാണ് സ്‌പെയിനിലെ പ്രശസ്തമായ സെർവാന്റസ് പുരസ്‌കാരം അവരെ തേടിയെത്തുന്നത് -തൊണ്ണൂറാം വയസ്സിൽ. ഗദ്യകവിതകളുടെ സമാഹാരമായ അബ്‌സൊല്യൂട്ട് സോളിറ്റിയൂഡ് ആണ് അവരുടെ മുഖ്യ കൃതി.  ലോകം എനിക്ക് പലതും സമ്മാനിച്ചു, അവയിൽ ഞാനെന്നും സൂക്ഷിക്കുന്നത് പരിപൂർണമായ ഏകാന്തതയെയാണ് എന്ന് കവി പ്രഖ്യാപിക്കുന്നു. 

ലോക്ഡൗണിൽ പുസ്തക വായന കൂടിയതുകൊണ്ടാണ് കഥയും കവിതയും കിനിഞ്ഞിറങ്ങുന്നത് എന്ന വിമർശനത്തിൽ സത്യത്തിന്റെ അംശമുണ്ടെങ്കിലും അത് ഭാഗികം മാത്രമാണ്. കാരണം, മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ ചെയ്യുന്നതോ ചെയ്യേണ്ടതോ അല്ല പുസ്തക വായന. ഭാവനയെ ജ്വലിപ്പിക്കാനുള്ള അവസരം ലഭ്യമാകുകയാണ് പ്രധാനം. അതാണ് ശാരീരികവും മാനസികവുമായ ഏകാന്തതയിൽ സംഭവിക്കുന്നത്. ഏറെക്കാലമായി മറന്നുകിടന്ന, കൈമോശം വന്ന ചിലതിനെ തിരിച്ചുപിടിക്കാൻ മനസ്സ് വെമ്പുന്നു. തൂലികത്തുമ്പിൽ അപ്പോൾ അക്ഷരങ്ങൾ വന്നണയുന്നു. പൊടിപിടിച്ചു കിടന്ന ബ്രഷുകൾ വർണച്ചായങ്ങളിൽ മുങ്ങി കാൻവാസുകളിലേക്ക് പാറുന്നു. മനുഷ്യൻ ഏകാന്തതയിൽ സ്വയം കണ്ടെത്തുകയാണ്. അതാണ് ഏകാന്തത വിശുദ്ധമാണെന്ന് പറയുന്നത്. ഏകാന്തതയുടെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങിയാൽ അത് ഒരു ലഹരിയായി നിങ്ങളിൽ പടരുമെന്ന് പറയുന്നത് വെറുതെയല്ല. സൃഷ്ടിയുടെ ലഹരിയായി അതിനെ പരിവർത്തിപ്പിക്കുന്നവർ, മനസ്സുകളെ പിടിവിടാതെ നിയന്ത്രിക്കുക കൂടിയാണ്. 

കൊറോണക്കാലത്തെ ജീവിതത്തെക്കുറിച്ച് യുവകഥാകൃത്ത് വി.എച്ച്. നിഷാദ് പറയുന്നതിങ്ങനെയാണ്: 'രാജ്യമൊട്ടാകെ ലോക്ഡൗൺ വന്നതോടെ ഏകാന്തത എന്ന വാക്കിന്റെ അർഥം തന്നെ മാറിപ്പോയി. മുമ്പ് ആസ്വദിച്ചിരുന്ന 'പഴയ ഏകാന്തത'യുടെ ഒരു സൗന്ദര്യം, അത് എപ്പോൾ വേണമെങ്കിലും എനിക്കു തന്നെ ഉടയ്ക്കാമായിരുന്ന ഒന്നായിരുന്നു എന്നതാണ്. ഏകനായി നടന്നു നടന്ന് എനിക്ക് ഏതെങ്കിലുമൊരു കൂട്ടാന്തതയിലെത്താമായിരുന്നു. കൂട്ടുകാരന്റെ/ കൂട്ടുകാരിയുടെ മുഖം കണ്ടെത്താമായിരുന്നു. ഒരുമിച്ച് ചായ കുടിച്ച് വർത്തമാനങ്ങൾ വിടർത്താമായിരുന്നു. എന്നാൽ ഇപ്പോഴത്തെ മുറിയടച്ചിരിപ്പിന്റെ ഏകാന്തത ഇതൊന്നും സ്വപ്‌നം കാണാൻ പോലും സമ്മതിക്കുന്നില്ല. 
ആദ്യം ഭീതിയും സങ്കടവുമായിരുന്നു. ലോകത്തിന്റെ, മനുഷ്യരുടെ നിസ്സഹായാവസ്ഥ എന്നിലേക്കും കാട്ടുവള്ളികൾ പോലെ പടർന്നു കയറിയിരുന്നു. എന്നാൽ രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് ഞാനാ നിർബന്ധിത ഏകാന്തതയെ തകർത്തു തുടങ്ങി. കുട്ടികൾക്കായുള്ള ഒരു തുടരൻ നോവൽ എഴുതിക്കൊണ്ടായിരുന്നു തുടക്കം. ദിവസവും ഒന്നോ രണ്ടോ അധ്യായങ്ങൾ എഴുതി. പ്രതികരണങ്ങൾക്കായി കാത്തിരുന്നു. ഓരോ ദിവസവും ഞാൻ ഏകനല്ല എന്നു തിരിച്ചറിഞ്ഞു. എഴുതാത്ത നേരങ്ങളിൽ ഏറെ പ്രിയപ്പെട്ട സിനിമകൾ കണ്ടു. വൈക്കം മുഹമ്മദ് ബഷീറിനെ വീണ്ടും വായിച്ചു തുടങ്ങി. നോക്കൂ, പ്രേമലേഖനത്തിലെ പ്രേമത്തിന്റെ സെന്റ് കുപ്പിക്ക് ഇപ്പോൾ മറ്റൊരു സുഗന്ധം!'

പ്രതിഷ്ഠാപിതരായ എഴുത്തുകാർക്ക് മാത്രമല്ല അക്ഷരങ്ങളെ താലോലിക്കാനുള്ള അവകാശം. അതിനാൽ, പ്രസാധനത്തിന്റെ ആകുലതകളോ, നിരൂപണങ്ങളുടെ പ്രതീക്ഷകളോ ഇല്ലാതെ ആത്മപ്രകാശനത്തിന്റെ വേദി കണ്ടെത്തുകയാണ് നമ്മുടെ ചെറിയ ചെറിയ എഴുത്തുകാർ നവമാധ്യമങ്ങളിൽകൂടി. കൊറോണക്കാലത്തെ, ഏകാന്തതയുടെ വശ്യസൗന്ദര്യമാക്കി മാറ്റുകയാണ് അവർ. അങ്ങനെയല്ലായിരുന്നെങ്കിൽ? ഏകാന്തത ഉന്മാദമാണെന്ന് നേരത്തേ പറഞ്ഞുവല്ലോ. ഓരോ ദിവസവും ഓരോ ചിത്രമെന്ന് കോട്ടയം നസീർ പ്രഖ്യാപിക്കുന്നു. വരയുടെ ഏകാന്തതയിൽ മാത്രമല്ല, അത് സമൂഹം ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന ആനന്ദത്തിലുമുണ്ട് കാര്യം. 

കൊറോണ ലോക്ഡൗൺ കഴിയുമ്പോൾ, ലക്ഷക്കണക്കിന് സ്ത്രീകൾ അവരാഗ്രഹിക്കാതെ ഗർഭിണികളാകുമെന്ന് ചിലർ പഠനം നടത്തി പ്രസ്താവിച്ചിരിക്കുന്നു. ഗർഭമോ പ്രസവമോ ജുഗുപ്‌സാവഹമായ കാര്യമല്ല തന്നെ. എന്നാൽ ഈ ഏകാന്തത്തടവ് കഴിയുമ്പോൾ എത്ര മഹത്തായ രചനകൾ മാനവരാശിയെ അന്വേഷിച്ചിറങ്ങുമെന്ന് കൂടി നാം അന്വേഷിക്കണം. അവിടെയാണ് ഏകാന്തതയുടെ സൗന്ദര്യം മറഞ്ഞിരിക്കുന്നത്. കോവിഡ് കാലത്ത് ഫെയ്‌സ്ബുക്കിൽ എഴുതിയ കവിതയിൽ അറിയപ്പെടാത്ത ഒരു കവയിത്രി ഇങ്ങനെ കുറിക്കുന്നു:

ചിന്തകൾക്ക് ചിന്തേരിടാൻ  നേരമായിരിക്കുന്നു
അന്തമില്ലാത്ത പണിത്തിരക്കിൽ അമർന്നുപോയവ
മറവിയുടെ മാറാലക്കൂട്ടങ്ങളിൽ പൊടിപിടിച്ചെങ്കിലും
ഇനിയും ചിതലരിക്കാത്തവ. 
ഞാനിന്നേ തുടങ്ങുന്നു   
ചിന്തേരിടാൻ, 
ചിന്തകൾക്ക് മൂർച്ച കൂട്ടാൻ, 
എന്നോ മറന്ന എഴുത്തുകളെ ചേർത്തുനിർത്താൻ....

 

Latest News