ബംഗളൂരു- മുന്നറിയിപ്പില്ലാതെ ട്രെയിൻ സർവീസ് റദ്ദാക്കിയതിനെ തുടർന്ന് ഉയർന്ന പ്രതിഷേധം തണുപ്പിക്കാൻ പ്രത്യേക സർവീസ് ഏർപ്പെടുത്താൻ കർണാടക അവസാനം തയ്യാറായി. കുടിയേറ്റ തൊഴിലാളികളെയും വഹിച്ചുള്ള മൂന്നു ട്രെയിനുകൾ ഇന്ന് കർണാടകയിൽനിന്ന് പുറപ്പെടും. കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനം വിടുന്നതോടെ നിർമാണ മേഖല സ്തംഭിക്കുമെന്ന് ചൂണ്ടിക്കാട്ടി കെട്ടിട നിർമാണ രംഗത്തുള്ളവർ രംഗത്തെത്തിയതോടെയാണ് അപ്രതീക്ഷിതമായി ട്രെയിൻ സർവീസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. തൊഴിലാളികളെ അടിമയാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തി. തുടർന്നാണ് ട്രെയിൻ സർവീസ് വീണ്ടും ആരംഭിക്കാൻ കർണാടക കേന്ദ്രത്തോട് അഭ്യർത്ഥിച്ചത്. മണിപ്പൂർ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലേക്കാണ് ബംഗളൂരുവിൽനിന്നുള്ള പ്രത്യേക ട്രെയിൻ സർവീസ് നടത്തുക.
നേരത്തെ എട്ടു സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്. നേരത്തെ 3500 ബസുകളിലായി ഒരു ലക്ഷത്തോളം പേരെ അയച്ചുവെന്നും ബാക്കിയുള്ളവർ കൂടി പോയാൽ നിർമാണ മേഖല സ്തംഭിക്കും എന്നുമായിരുന്നു മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞത്. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് 1600 കോടിയുടെ പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വേണ്ടിയാണ് ട്രെയിൻ സർവീസ് റദ്ദാക്കിയത് എന്ന വാദം ബി.ജെ.പി സംസ്ഥാന ഘടകവും ഉയർത്തിയിരുന്നു.