Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിച്ച് ജവാൻമാരുടെ മരണം; അമിത് ഷാ അനുശോചിച്ചു

ന്യൂദൽഹി- ദൽഹിയിൽ കോവിഡ് ബാധിച്ച് രണ്ട് ബി.എസ്.എഫ് ജവാൻമാർ മരിച്ച സംഭവത്തിൽ അനുശോചനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന് രണ്ടു വിലപ്പെട്ട സൈനികരെയാണ് നഷ്ടമായതെന്നും അവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലാണ് രണ്ട് ജവാൻമാരും മരിച്ചത്. മെയ് നാലിന് സഫ്ദർജംഗ് ആശുപത്രിയിലാണ് ഒരാൾ മരിച്ചത്. രണ്ടാമത്തെ ജവാൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചതെന്നും ബി.എസ്.എഫ് അറിയിച്ചു. മരണത്തിന് ശേഷമാണ് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പുറത്തു വന്നത്. അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള രണ്ടാമത്തെ മരണമാണ് ബി.എസ്.എഫിലേത്. നേരത്തെ സിആർപിഎഫിൽ എഎസ്‌ഐ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 
രോഗം സ്ഥിരീകരിച്ച ബി.എസ്.എഫ് ജവാൻമാരുടെ എണ്ണം 193 ആയി. വിവിധ അർദ്ധ സൈനികവിഭാഗങ്ങളിലായി 500-ലധികം പേർക്ക് കോവിഡ് രോഗബാധയുണ്ട്. കഴിഞ്ഞ ദിവസം മരിച്ച ദൽഹി പൊലീസ് കോൺസ്റ്റബിൾ അമിത്  റാണയുടെ കുടുംബത്തിന് ദൽഹി സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയാണ് അമിത് റാണ മരിച്ചതെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഒരാശുപത്രിയിൽ ചികിത്സ നിഷേധിക്കുകയും മറ്റൊരിടത്ത് ചികിത്സയ്ക്കായി ചെന്നപ്പോൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനുമാണ് നിർദേശിച്ചത്. 

Latest News