178 ൽ ഒന്നിലേക്ക്, ഒരു കാസർക്കോടൻ കൂട്ടായ്മയുടെ വിജയം 

കാസർകോട്- രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് രോഗ വ്യാപനത്തിന്റെ ഭീഷണിയിൽ അകപ്പെട്ട് ഭയാനകമായ അന്തരീക്ഷം രൂപപ്പെട്ടിരുന്ന കാസർകോട് രോഗഭീതിയിൽ നിന്ന് മോചനത്തിലേക്ക്. 178 പേർ കോവിഡ് രോഗം ബാധിച്ചു ചികിത്സയിലുണ്ടായിരുന്ന കാസർകോട് ജില്ലയിൽ ഇനി അവശേഷിക്കുന്നത് ഒരാൾ മാത്രം. ബദിയടുക്ക ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നത്. മൂന്ന് രോഗികൾ ചികിത്സയിൽ ഉണ്ടായിരുന്നതിൽ രണ്ടുപേർക്ക് ഇന്നലെ നെഗറ്റീവായി. രോഗബാധിതരായ ചെമ്മനാട് പഞ്ചായത്തിലെ 29 കാരനും ചെങ്കള പഞ്ചായത്തിലെ 38 വയസുള്ള സ്ത്രീയുമാണ് രോഗമുക്തി നേടിയത്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്.227 സാമ്പിളുകളുടെ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്. പുതിയ പോസിറ്റിവ് കേസുകളൊന്നും ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യാത്തതിനാൽ കഴിഞ്ഞ ഒരാഴ്ചയായി കാസർകോട് ജില്ലാ ആശ്വാസത്തിലായിരുന്നു. ഗൾഫ് നാടുകളിലെ സഹോദരങ്ങൾ നാട്ടിൽ എത്തുന്ന സുദിനത്തിലാണ് കാസർകോട് ശുഭപ്രതീക്ഷയിലാകുന്നത്. കടുത്ത വെല്ലുവിളികളെ അതിജീവിച്ചു കോവിഡിനെ തുരത്തുന്നതിൽ ആരോഗ്യവകുപ്പും പോലീസും ജില്ലാ ഭരണകൂടവും നടത്തിയ അശ്രാന്ത പരിശ്രമം വിജയത്തിലേക്ക് അടുക്കുകയാണ്. ലോക് ഡൗണും ട്രിപ്പിൾ ലോക് ഡൗണും കർശനമായ നിലപാടുകളും സ്വീകരിച്ചു ജില്ല മുഴുവൻ അടച്ചുപൂട്ടി ആളുകളെ പുറത്തിറങ്ങാതാക്കി സമ്പർക്കം കുറക്കുകയും നിതാന്ത ജാഗ്രത പുലർത്തുകയും ചെയ്തു നേടിയ വിജയമാണിത്. ജില്ലയിൽ ഇനി ഹോട്സ്പോട്ടുകൾ ചെങ്കള, ചെമ്മനാട് ഗ്രാമ പഞ്ചായത്തുകൾ മാത്രമായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുണ്ടായ ജില്ലയായിരുന്നു കാസർകോട്. രോഗഭീതി വർദ്ധിച്ചതോടെ തുടക്കം മുതൽ ഉണർന്നുപ്രവർത്തിക്കുകയും കോവിഡ് ആശുപത്രികളുടെ എണ്ണം കൂട്ടി ഐസൊലേഷൻ വാർഡുകളിൽ വിദഗ്ധ പരിചരണം നൽകുകയും ചെയ്തു. പണിതുകൊണ്ടിരുന്ന കാസർകോട് മെഡിക്കൽ കോളജിനെ കൊവിഡ് ആശുപത്രിയാക്കി, കാസർകോട് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലൊക്കെ ഐസൊലേഷൻ വാർഡുകളുണ്ടാക്കി രോഗികളെ പാർപ്പിച്ചു മെച്ചപ്പെട്ട ചികിൽസ നൽകി. തിരുവനന്തപുരത്തേയും കോട്ടയത്തെയും ആലപ്പുഴയിലേയും മെഡിക്കൽ കോളേജുകളിലെ വിദഗ്ധ മെഡിക്കൽ സംഘത്തെ കാസർകോടെത്തിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പ്രത്യേക ശ്രദ്ധപതിപ്പിച്ചു. രോഗ ബാധിത മേഖലകൾ കണ്ടെയിൻമെന്റ് സോണാക്കി ജനങ്ങളുടെ സഞ്ചാരത്തെ തടഞ്ഞു. രോഗം ആറു പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി ഒതുങ്ങി നിന്നു. ജാഗ്രതയോടെയുള്ള പ്രവർത്തനവും കൃത്യമായ ഏകോപനവുമാണ് ഘട്ടംഘട്ടമായി കാസർകോടിനെ രക്ഷിക്കാൻ പര്യാപ്തമായത്. ഒരുമാസത്തിനകം തന്നെ മിക്കരോഗികളുടെയും രോഗം ഭേദമായി. ഗുരുതരമായ നിലയിൽ ആരുമുണ്ടായിരുന്നില്ല. കലക്ടർ ഡോ.ഡി സജിത്ത് ബാബു, സ്പെഷ്യൽ ഓഫീസർ പ്രിൻസിപ്പൽ സെക്രട്ടറി അൽകേഷ് കുമാർ, ഡി എം ഒ ഡോ രാംദാസ്, സുരക്ഷയ്ക്കും നിയമപാലനവും നിർവഹിച്ച ഐ.ജി വിജയ് സാക്കറെ, അശോക് യാദവ്, എസ് പി പി എസ് സാബു എന്നിവരുടെ കൂട്ടായ നേതൃത്വം കൊവിഡിനെ നാടുകടത്താൻ ഫലപ്രദമായി.

Latest News