കോഴിക്കോട്ടേക്ക് റിയാദില്‍നിന്ന് വിമാനം വെള്ളിയാഴ്ച 12.45ന്; ആദ്യ സര്‍വീസില്‍ 162 പേര്‍

റിയാദ്- പ്രവാസികളുമായി സൗദിയില്‍ നിന്നുളള പ്രത്യേക എയര്‍ ഇന്ത്യാ വിമാനം നാളെ (വെള്ളി) ഉച്ചക്ക് 12.45ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 162 യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പുറപ്പെടും. ടിക്കറ്റ് ലഭിച്ചവര്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ടിക്കറ്റിനോടൊപ്പം എല്ലാവര്‍ക്കും നല്‍കിയ ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നാട്ടിലെ വിമാനത്താവളത്തില്‍ നല്‍കണം. റിയാദ് വിമാനത്താവളത്തില്‍ ശരീരതാപനില മാത്രമേ പരിശോധിക്കുകയുള്ളൂ. ഒരാള്‍ക്ക് 25 കിലോ ബാഗേജും ഏഴുകിലോ ഹാന്‍ഡ് ബാഗേജും അനുവദിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും വിമാനത്താവളത്തിലും വിമാനത്തിലുള്ളിലും സ്വീകരിക്കും. വിമാനത്തിലുള്ളില്‍ ഭക്ഷണം വിളമ്പില്ല.
ഗര്‍ഭിണികള്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവര്‍ തുടങ്ങി അടിയന്തരമായി നാട്ടില്‍ പോകേണ്ടവരാണ് വിമാനത്തിലുണ്ടാവുക. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത സൗദിയിലെ എല്ലാ പ്രവിശ്യകളില്‍ നിന്നുള്ള, കേരളത്തിലെ എല്ലാ ജില്ലക്കാരും യാത്രക്കാരായുണ്ട്. 
അതേസമയം എല്ലാവര്‍ക്കും ഇന്ന് ടിക്കറ്റ് വിതരണം ചെയ്തത് എയര്‍ ഇന്ത്യ ഓഫീസില്‍ നിന്നാണ്. യാത്രക്കാരോ ബന്ധുക്കളോ എയര്‍ ഇന്ത്യ ഓഫീസില്‍ നേരിട്ടെത്തി പാസ്‌പോര്‍ട്ട് കോപ്പി, റീ എന്‍ട്രിയോ ഫൈനല്‍ എക്‌സിറ്റോ, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിച്ചാണ് ടിക്കറ്റെടുത്തത്. നേരത്തെ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചവരില്‍ ചിലര്‍ യാത്രക്ക് താത്പര്യമില്ലെന്നറിയിച്ചതോടെ അവര്‍ക്ക് പകരം ലിസ്റ്റിലെ മുന്‍ഗണനാപ്രകാരമുള്ളവരെ തെരഞ്ഞെടുത്താണ് എംബസി യാത്രക്കാരെ ക്രമീകരിച്ചത്.

Latest News