കോഴിക്കോട്- സന്നദ്ധസേവനം നടത്തിയിരുന്ന കെട്ടിടത്തിൽ ഒരാൾക്ക് കോവിഡ് ബാധിച്ചതോടെ ക്വാറന്റീനിൽ പോയിരുന്ന മുസ്്‌ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് വളണ്ടിയർമാർ വീണ്ടും രംഗത്തെത്തി. ക്വാറന്റീൻ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും പ്രവർത്തനം തുടങ്ഹിയത്. 55 വൈറ്റ് ഗാർഡ് വളണ്ടിയർമാരാണ് 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയത്.
കോഴിക്കാട് മെഡിക്കൽ കോളേജിന് സമീപമുള്ള ക്യാമ്പസ് ഹയർ സെക്കന്ററി സ്‌കൂളിൽ സർക്കാർ നടത്തിയിരുന്ന ക്യാമ്പിൽ താമസിച്ചിരുന്നവരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെയാണ് ഇവർ ക്വാറന്റീനിൽ പോയത്. തെരുവിൽ കഴിയുന്നവരെയും അന്യസംസ്ഥാന തൊഴിലാളികളെയുമാണ് ഇവിടെ താമസിപ്പിച്ചിരുന്നത്. ഈ ക്യാമ്പിന്റെ മേൽനോട്ടം വഹിച്ചിരുന്നത് കലക്ടറുടെ നിർദ്ധേശ പ്രകാരം സി.എച്ച് സെന്റർ ആയിരുന്നു. ക്യാമ്പിൽ താമസിച്ചിരുന്നവർക്ക് ഭക്ഷണവും മറ്റ് ആവശ്യങ്ങളുമൊക്കെ എത്തിച്ചു നൽകിയത് വൈറ്റ് ഗാർഡ് വളണ്ടിയർമാരുമായിരുന്നു.
ക്യാമ്പിൽ താമസിച്ചിരുന്ന ഒരാൾക്ക് കൊറോണ പോസിറ്റീവ് ആയതോടെ വിവിധ ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ വളണ്ടിയർമാരും ക്വാറന്റെനിൽ പോകേണ്ടി വന്നു. ഇതിൽ 41 പേർക്ക് താമസ സൗകര്യമൊരുക്കിയത് മെഡിക്കൽ കോളേജിനടുത്തുള്ള സന ലോഡ്ജിലാണ്. 8 പേർക്ക് താമസിക്കാൻ വീട് വിട്ട് നൽകിയത് മുണ്ടിക്കൽത്താഴത്തുള്ള രാജേട്ടനാണ്. 6 പേർ ഹോം ക്വാറന്റൈനിലാണ് താമസിച്ചത്. നോമ്പ് തുറക്കാനും അത്താഴത്തിനുമുള്ള ഭക്ഷണം നൽകിയത് സി.എച്ച് സെന്ററാണ്. അടുത്തുള്ള വീടുകളിലെ സഹോദരിമാരും വിവിധ ദിവസങ്ങളിൽ ഭക്ഷണം നൽകി. റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ ഒരാൾക്ക് പോലും പോസിറ്റീവ് ഇല്ല.