മലപ്പുറം-രാജ്യം ഒരു മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുന്നതിനിടയിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും ഭരണകൂടത്തിന്റെ ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ ഒറ്റക്കെട്ടായ പ്രതിഷേധം അനിവാര്യമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം സംഘടന നേതാക്കളുടെ വീഡിയോ കോൺഫറൻസ് അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ തന്നെ സാധ്യമായ മാർഗങ്ങളിലൂടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
മഹാമാരിയുടെ മറവിൽ ബി.ജെ.പി അവരുടെ വർഗീയ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ദൽഹി പോലീസ് പച്ചയായ മുസ്ലിം വേട്ട തുടരുകയാണ്. ദൽഹി ന്യൂനപക്ഷ കമ്മീഷൻ (ഡി.എം.സി) ചെയർമാൻ സഫറുൽ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് ഇതിനുദാഹരണമാണ്. പോലീസ് നടത്തിയ നരനായാട്ടിനെ കുറിച്ചു നൽകിയ കൃത്യമായ റിപ്പോർട്ടാണ് ഒരു ഭരണഘടനാ ബോഡി അധ്യക്ഷനെ രാജ്യദ്രോഹിയാക്കിയത്. കലാപകാരികളെ സഹായിച്ചും അക്രമത്തിന് മൗനസമ്മതം നൽകിയും ഡൽഹി പൊലീസ് അഴിഞ്ഞാടിയത് ദേശീയ, അന്തർ ദേശീയ മാധ്യമങ്ങൾ വരെ വലിയ വാർത്തയാക്കിയതാണ്. സത്യം വ്യക്തമാണെന്ന് സാഹചര്യതെളിവുകൾ പോലും അടിവരയിടുമ്പോഴാണ് അതിനെതിരെ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തത്. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് രാജ്യത്ത് അനുദിനം നടന്നുകൊണ്ടിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിന്ന് നയിച്ചവരെല്ലാം ഇന്ന് കേന്ദ്രസർക്കാറിന്റെ ശത്രുക്കളാണ്. ജാമിഅ മില്ലിയ വിദ്യാർഥി നേതാക്കളായ സഫൂറ സർഗർ, മീരാൻ ഹൈദർ, ജെ.എൻ.യു വിദ്യാർഥി നേതാവായിരുന്ന ഉമർ ഖാലിദ് എന്നിവരുടെ അറസ്റ്റ് വ്യക്തമാക്കുന്നതും ഇതാണ്. ദൽഹി വംശഹത്യയുടെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് വിദ്യാർഥി നേതാക്കളെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. സഫൂറ സർഗർ ഒരു ഗർഭിണിയാണെന്നറിഞ്ഞിട്ടും അവരുടെ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെയാണ് ബി.ജെ.പി അവരുടെ അജണ്ട നടപ്പിലാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സഫൂറ ഏകാന്ത തടവറയിലാണ്. രാജ്യദ്രോഹം, മത സ്പർധയുണ്ടാക്കൽ, കലാപത്തിന് ഗൂഢാലോചന നടത്തുക തുടങ്ങി മാരക കുറ്റകൃത്യങ്ങളാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്. എന്നാൽ വർഗീയ വിഷം ചിന്തിയ പ്രസ്താവനകൾ നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ ഒന്നു വിരലനക്കാൻ പോലും സർക്കാർ തയ്യാറായില്ല എന്നത് ഗൗരവമേറിയ വിഷയം തന്നെയാണ്.
തങ്ങളെ ആരും വിമർശിക്കരുതെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഇതിനെതിരെ പ്രവർത്തിച്ചാൽ അവരെ പേടിപ്പിച്ചു നിർത്തി നിരന്തരം വേട്ടയാടി ഇല്ലായ്മ ചെയ്യുകയുമാണ് ഇവർ ചെയ്യുന്നത്. രാജ്യം നേരിടുന്ന അപകടകരമായ അവസ്ഥക്കെതിരെ യോജിച്ചുള്ള പ്രതിഷേധം അനിവാര്യമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. സമാന ചിന്താഗതിക്കാരെയെല്ലാം ഉൾപ്പെടുത്തി ന്യൂനപക്ഷ വേട്ടക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്നും യോഗം തീരുമാനിച്ചു. യോഗത്തിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാർ, (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ), ടി.പി അബ്ദുല്ല കോയ മദനി (കെ.എൻ.എം), എം.ഐ അബ്ദുൽ അസീസ് (ജമാഅത്തെ ഇസ്ലാമി), കടക്കൽ അബ്ദുൽ അസീസ് മൗലവി (കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ), സി.പി ഉമർ സുല്ലമി (കേരള ജംഇയ്യത്തുൽ ഉലമ), ടി.കെ അഷ്റഫ് (വിസ്ഡം), ഡോ. പി.എ ഫസൽ ഗഫൂർ (എം.ഇ.എസ്), പ്രഫ എ.കെ അബ്ദുൽ ഹമീദ് (കേരള മുസ്ലിം ജമാഅത്ത്), ശൈഖ് മുഹമ്മദ് (ജമാഅത്തെ ഇസ്ലാമി) പങ്കെടുത്തു.