Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ പരിശോധനക്ക് പ്രത്യേക സംഘങ്ങള്‍; വിദേശ തൊഴിലാളികള്‍ക്ക് 50,000 റിയാല്‍ പിഴ-video

റിയാദ് - കൊറോണ വ്യാപനത്തിന് ഇടയാക്കുന്ന കൂട്ടംചേരലുകള്‍ തടയുന്ന നിയമാവലിക്ക് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ അംഗീകാരം നല്‍കി. കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷകള്‍ ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂട്ടംചേരലുകള്‍ തടയുന്ന നിയമാവലി ആഭ്യന്തര മന്ത്രി അംഗീകരിച്ചത്.
സാമൂഹിക അകലം നിര്‍ബന്ധമാക്കാനും കൊറോണ വ്യാപനത്തിന് ഇടയാക്കുന്ന ഒത്തുചേരലുകള്‍ ക്രമീകരിക്കാനുമാണ് നിയമാവലിയിലൂടെ ലക്ഷ്യമിടുന്നത്. ഒന്നിലധികം കുടുംബങ്ങള്‍ ഒത്തുചേരുന്നതും ഒരേ താമസസ്ഥലത്ത് കഴിയുന്നവരല്ലാത്ത അഞ്ചിലധികം പേര്‍ ഒരിടത്ത് കൂട്ടംചേരുന്നതും നിയമം വിലക്കുന്നു.
പ്രത്യേക സുരക്ഷാ യൂനിറ്റുകളും സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ബന്ധപ്പെട്ട വകുപ്പുകളുമാണ് കൂട്ടംചേരലുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുക. ഒത്തുചേരലുകളില്‍ ഹാജരാകുന്നവരും ഇതിന് ക്ഷണിച്ചവരും കാരണക്കാരായവരും നിയമാവലി അനുസരിച്ച് നിയമ ലംഘകരായി കണക്കാക്കും. സ്വകാര്യ, സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ജീവനക്കാരും ആരോഗ്യ സുരക്ഷാ വ്യവസ്ഥകളും സാമൂഹിക അകലവും പാലിക്കുകയും എല്ലാ രൂപത്തിലുമുള്ള ഒത്തുചേരലുകളും തടയുകയും വേണം. നിയമാവലിക്ക് വിരുദ്ധമായി നടക്കുന്ന കൂട്ടംചേരലുകളെ കുറിച്ച് അറിയുന്നവര്‍ അതേ കുറിച്ച് മക്ക പ്രവിശ്യ ഒഴികെയുള്ള പ്രവിശ്യകളില്‍ 999 എന്ന ടോള്‍ഫ്രീ നമ്പറിലും മക്ക പ്രവിശ്യയിലുള്ളവര്‍ 911 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

വീടുകളിലും ഇസ്തിറാഹകളിലും ഫാമുകളിലും ഒന്നിലധികം കുടുംബങ്ങളുടെ ഒത്തുചേരല്‍, വീടുകളിലും ഇസ്തിറാഹകളിലും തമ്പുകളിലും ഫാമുകളിലും തുറസ്സായ ഏരിയകളിലും ഒരേ ഡിസ്ട്രിക്ടില്‍ പെട്ടവരും അല്ലാവത്തവരും പങ്കെടുക്കുന്ന കുടുംബപരമല്ലാത്ത കൂട്ടംചേരല്‍, വിവാഹങ്ങള്‍, അനുശോചനങ്ങള്‍, ആഘോഷ പരിപാടികള്‍, സെമിനാറുകള്‍ പോലെയുള്ള സാമൂഹിക പരിപാടികള്‍, സ്വന്തം താമസസ്ഥലങ്ങളില്ലാതെ വീടുകളിലും നിര്‍മാണത്തിലുള്ള കെട്ടിടങ്ങളിലും ഇസ്തിറാഹകളിലും ഫാമുകളിലും മറ്റും വിദേശ തൊഴിലാളികള്‍ കൂട്ടംചേരല്‍, കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ അനുശാസിക്കുന്ന നിശ്ചിത പരിധിയില്‍ കൂടുതല്‍ ഉപയോക്താക്കളും ജീവനക്കാരും വ്യാപാര സ്ഥാപനങ്ങള്‍ക്കകത്തും പുറത്തും ഒത്തുചേരല്‍ എന്നിവയെല്ലാം നിയമാവലി വിലക്കുന്നു.

വീടുകളിലോ ഇസ്തിറാഹകളിലോ ഫാമുകളിലോ ഒന്നിലധികം കുടുംബങ്ങള്‍ ത്തുചേര്‍ന്നാല്‍ 10,000 റിയാല്‍ പിഴയാണ് നിയമാവലി അനുശാസിക്കുന്നത്. വീടുകളിലോ ഇസ്തിറാഹകളിലോ തമ്പുകളിലോ തുറസ്സായ സ്ഥലങ്ങളിലോ കുടുംബപരമല്ലാത്ത ഒത്തുചേരലുകള്‍ക്ക് 15,000 റിയാലാണ് പിഴ ലഭിക്കുക. വിവാഹം, അനുശോചനം, ആഘോഷ പരിപാടികള്‍, സെമിനാറുകള്‍ പോലുള്ള ഒത്തുചേരലുകള്‍ക്ക് 30,000 റിയാല്‍ പിഴയാണ് ശിക്ഷ. സ്വന്തം താമസസ്ഥലങ്ങളിലല്ലാതെ വീടുകളിലോ നിര്‍മാണത്തിലുള്ള കെട്ടിടങ്ങളിലോ ഇസ്തിറാഹകളിലോ ഫാമുകളിലോ തൊഴിലാളികള്‍ ഒത്തുചേര്‍ന്നാല്‍ 50,000 റിയാല്‍ പിഴ ലഭിക്കും. കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ അനുശാസിക്കുന്ന നിശ്ചിത പരിധിയില്‍ കൂടുതല്‍ ഉപയോക്താക്കളും ജീവനക്കാരും വ്യാപാര സ്ഥാപനങ്ങള്‍ക്കകത്തും പുറത്തും ഒത്തുചേരുന്ന പക്ഷം നിശ്ചിത പരിധിയില്‍ കൂടുതലുള്ള ഓരോരുത്തര്‍ക്കും 5,000 റിയാല്‍ തോതില്‍ ആകെ 1,00,000 റിയാലില്‍ കവിയാത്ത പിഴയാണ് നിയമാവലി അനുശാസിക്കുന്ന ശിക്ഷ.

നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ആദ്യ തവണ ലഭിച്ചതിന്റെ ഇരട്ടി തുക പിഴ ലഭിക്കും. കൂടാതെ സ്വകാര്യ സ്ഥാപനങ്ങള്‍ മൂന്നു മാസത്തേക്ക് അടപ്പിക്കുകയും ചെയ്യും. മൂന്നാമതും നിയമ ലംഘനം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് രണ്ടാം തവണ ലഭിച്ചതിന്റെ ഇരട്ടി തുക പിഴ ചുമത്തും. കൂടാതെ സ്ഥാപനങ്ങള്‍ ആറു മാസത്തേക്ക് അടപ്പിക്കുകയും ചെയ്യും. കൂടുതല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് സ്ഥാപന അധികൃതര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും.

നിയമം ലംഘിച്ചുള്ള ഒത്തുചേരലുകളില്‍ ഹാജരാകുന്നവര്‍ക്കും ഇത്തരം കൂട്ടംചേരലുകള്‍ക്ക് ക്ഷണിക്കുന്നവര്‍ക്കും അതിന് കാരണക്കാരാകുന്നവര്‍ക്കും ആദ്യതവണ 5,000 റിയാലും രണ്ടാം തവണ 10,000 റിയാലും പിഴ ചുമത്തും. മൂന്നാമതും ഇതേ നിയമ ലംഘനം നടത്തി കുടുങ്ങുന്നവര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും നിയമാവലി വ്യക്തമാക്കുന്നു.

 

Latest News