മലപ്പുറം- ജില്ലയിൽ കോവിഡ്19 ഭേദമായി തുടർ നിരീക്ഷണത്തിൽ കഴിയുന്ന രണ്ട് പേരും നാളെ വീടുകളിലേക്ക് മടങ്ങും. കാലടി ഒലുവഞ്ചേരി സ്വദേശി 38 കാരൻ, മാറഞ്ചേരി പരിച്ചകം സ്വദേശി 40 കാരൻ എന്നിവരാണ് രാവിലെ 10.30 ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മടങ്ങുക. രോഗമുക്തരായ ശേഷം സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ തുടർ നിരീക്ഷണത്തിൽ കഴിയുകയാണിവർ. ഇവർ കൂടി ആശുപത്രി വിടുന്നതോടെ കോവിഡ് ബാധിച്ച ചികിത്സയിൽ തുടരുന്ന ആരും ജില്ലയിലില്ല.
മുംബൈ താനെ ജില്ലയിലെ ഭീവണ്ടിയിൽ ഇളനീർ വിൽപന കേന്ദ്രത്തിലെ തൊഴിലാളികളായ ഇരുവരും ഏപ്രിൽ 11 ന് ചരക്ക് ലോറിയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്താണ് കേരളത്തിലെത്തിയത്. കൽപറ്റ വഴി ഏപ്രിൽ 15 ന് ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട്ടെത്തി. കോഴിക്കോട്ട് നിന്ന് അരി കയറ്റിവന്ന ലോറിയിൽ യാത്ര ചെയ്ത് വൈകുന്നേരം ആറ് മണിക്ക് രാമനാട്ടുകരയിലെത്തിയ ശേഷം അവിടെ നിന്ന് നടന്ന് ചേളാരിയിലെത്തി. രാത്രി 8.30 ന് ചേളാരിയിൽ നിന്ന് ഓട്ടോ റിക്ഷയിൽ യാത്ര തിരിച്ച് കാലടി സ്വദേശിയെ ചമ്രവട്ടം പാലത്തിനടുത്ത് ഇറക്കി. പിന്നീട് പരിച്ചകം സ്വദേശിയും വീട്ടിലെത്തി.
ഇരുവരും മുംബൈയിൽ നിന്നെത്തിയ വിവരമറിഞ്ഞ് ആരോഗ്യ പ്രവർത്തകർ ഇടപെട്ട് ഏപ്രിൽ 16 ന് ഇവരെ വിവിധ കോവിഡ് കെയർ സെന്ററുകളിലാക്കുകയായിരുന്നു. കാലടി സ്വദേശിയെ ഏപ്രിൽ 23 നും മാറഞ്ചേരി സ്വദേശിയെ ഏപ്രിൽ 26 നും 108 ആംബുലൻസുകളിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. കാലടി സ്വദേശിക്ക് മാർച്ച് 27 നും മാറഞ്ചേരി സ്വദേശിക്ക് ഏപ്രിൽ 30 നുമാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സക്കും നിരന്തരമുള്ള സാമ്പിൾ പരിശോധനകൾക്കും ശേഷം മെയ് നാലിനാണ് ഇരുവരും രോഗമുക്തരായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസുകളിലാണ് ഇവരെ വീടുകളിലേക്ക് അയക്കുകയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. വീട്ടിലെത്തിയാലും ആരോഗ്യ ജാഗ്രത ഉറപ്പാക്കി സ്വയം നിരീക്ഷണം തുടരണം. ഇവർ കൂടി മടങ്ങുന്നതോടെ ജില്ലയിൽ കോവിഡ് ഭേദമായി വീടുകളിലേക്ക് മടങ്ങിയവർ 20 ആകും. കീഴാറ്റൂർ പൂന്താനം സ്വദേശി രോഗം ഭേദമായി തുടർ ചികിത്സയിലിരിക്കേ മരിച്ചിരുന്നു.






