കൊച്ചി- കോവിഡ്-19 രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ഇന്നലെ 231 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 119 പേരെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 472 ആയി. ഇതിൽ 10 പേർ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 462 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. ഇന്നലെ ഏഴ് പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇന്നലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 4 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 16 ആണ്. ഇന്നലെ ജില്ലയിൽ നിന്നും 38 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ 38 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇനി 40 സാമ്പിൾ ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിൽ നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 82 ആണ്. ഇതിൽ 43 പേർ തൃപ്പൂണിത്തുറ കോവിഡ് കെയർ സെന്ററിലും, 34 പേർ രാജഗിരി കോളേജ് ഹോസ്റ്റലിലും, അഞ്ച് പേർ സ്വകാര്യ ഹോട്ടലിലുമാണ്. ഇന്നലെ ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 107 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 119 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 76 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല. കൊച്ചി തുറമുഖത്ത് എത്തിയ 3 കപ്പലുകളിലെ 122 ജീവനക്കാരെയും പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്ന് കണ്ടെത്തി.