മുത്തങ്ങയിലൂടെ ഇന്നലെ  എത്തിയത് 290 പേർ

കൽപറ്റ- ഇതര സംസ്ഥാനങ്ങളിൽനിന്നു ഇന്നലെ അതിർത്തിയിലെ മുത്തങ്ങയിലൂടെ വയനാട്ടിൽ പ്രവേശിച്ചതു 290 പേർ. ഇതിൽ  ഇതിൽ 200 പേർ പുരുഷൻമാരും 65 പേർ സ്ത്രീകളും 25 പേർ കുട്ടികളുമാണ്. 89 പേരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു.  വയനാട്ടുകാരായ 34 പേർക്കു  ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ  നിർദേശിച്ചു. 515 പുരുഷന്മാരും 141 സ്ത്രീകളും അടക്കം 656 പേരാണ് ബുധനാഴ്ച മുത്തങ്ങ വഴി വന്നത്.  ഇതര സംസ്ഥാനങ്ങളിൽനിന്നു വയനാട്ടിലേക്കുള്ള ഏക എൻട്രി പോയിന്റാണ് മുത്തങ്ങ. 


ഇതര സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് വരുന്നവരെ പരിശോധിക്കുന്നതിനു മുത്തങ്ങയിൽ മിനി ആരോഗ്യകേന്ദ്രം നിർമിച്ചതു മൂന്നു ദിവസം മാത്രമെടുത്താണെന്ന് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ല പറഞ്ഞു. ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണച്ചുമതല. 2,500 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് മിനി ആരോഗ്യകേന്ദ്രം. നോർക്കയിൽ രജിസ്റ്റർ ചെയ്ത് ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു എത്തുന്നവരെ അതിർത്തിയിൽത്തന്നെ പരിശോധിച്ച് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനു സൗകര്യം മിനി ആരോഗ്യകേന്ദ്രത്തിലുണ്ട്. കാത്തിരിപ്പുകേന്ദ്രം, പോലീസ് കൺട്രോൾ റൂം, സ്‌ക്രീനിംഗ് സെന്റർ, സ്രവ പരിശോധനാകേന്ദ്രം, ഭക്ഷണ കൗണ്ടറുകൾ, നിരീക്ഷണ ഉദ്യോഗസ്ഥർക്കുള്ള ഓഫീസ്, ശുചിമുറികൾ,  ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് കൗണ്ടറിൽ എത്തുന്നതിനു റാംപ് എന്നിവ ആരോഗ്യകേന്ദ്രത്തിന്റെ ഭാഗമാണ്. സ്രവ പരിശോധനയ്ക്കു മൂന്ന് കിയോസ്‌കുകളാണുള്ളത്. ആരോഗ്യകേന്ദ്രവും ഇവിടേക്കുള്ള റോഡും വേലികെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.  
ജില്ലാ നിർമിതി കേന്ദ്രം പ്രൊജക്ട് മാനേജർ  ഒ.കെ.സാജിദിന്റെ നേതൃത്വത്തിൽ മൂന്ന് എൻജിനീയർമാരും 50 തൊഴിലാളികളും ചേർന്നാണ് നിർമാണം പൂർത്തിയാക്കിയത്. മൂന്നു ദിവസവും 18 മണിക്കൂറിലധികം തൊഴിലാളികൾ ജോലി ചെയ്തു.


ദേശീയതലത്തിൽ റെഡ് സോണായി പ്രഖ്യാപിച്ച ഇതര സംസ്ഥാന ജില്ലകളിൽനിന്നു വരുന്നവരെ ഇൻസ്റ്റിറ്റിയൂഷണൽ  ക്വാറന്റൈൻ സെന്ററുകളിൽ പ്രവേശിപ്പിക്കുമെന്നു ജില്ലാ കലക്ടർ പറഞ്ഞു.  രജിസ്ട്രേഷൻ നടത്താതെയും ഏതു ജില്ലയിൽനിന്നാണ് വരുന്നതെന്ന രേഖ  ഇല്ലാത്തവരെയും ക്വാറന്റൈനിലാക്കും. 
ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സെന്ററുകളിൽ  സന്ദർശകരെ അനുവദിക്കില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, വോളണ്ടിയർമാർ എന്നിവർക്കു മാത്രമായിരിക്കും പ്രവേശനം. 
വിദേശത്തുനിന്നു തിരിച്ചെത്തുന്നവരെ കോവിഡ് കെയർ സെന്ററുകളായി നേരത്തെ ഏറ്റെടുത്ത ഹോട്ടലുകളിലും റിസോർട്ടുകളിലുമാണ് പാർപ്പിക്കുക. ഓരോ സെന്ററിലും മേൽനോട്ടത്തിനു  പ്രത്യേകം ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.  വിദേശത്തുനിന്നു 15 പേരാണ് ആദ്യഘട്ടത്തിൽ ജില്ലയിൽ  എത്തുന്നത്. ഇതിൽ മൂന്ന് പേരെ കൽപറ്റയിലെ കോവിഡ് കെയർ സെന്ററിലാണ് താമസിപ്പിക്കുന്നത്.  ബാക്കിയുളളവരിൽ നാലു പേർ ഗർഭിണികളാണ്. പത്ത് വയസിൽ താഴെയുളള ആറു  കുട്ടികളും  രണ്ടു മുതിർന്ന പൗരൻമാരും സംഘത്തിലുണ്ട്. ഇവരെയും കൂട്ടിക്കൊണ്ടുപോകാൻ എത്തുന്നയാളുകളെയും വീടുകളിൽ നിരീക്ഷണത്തിലാക്കും. 


 

Latest News