Sorry, you need to enable JavaScript to visit this website.

'ഔദ' പദ്ധതി: എല്ലാ രാജ്യക്കാർക്കും രജിസ്‌ട്രേഷന് അവസരം

റിയാദ് - സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാൻ വിദേശികൾക്ക് അവസരമൊരുക്കി പ്രഖ്യാപിച്ച 'ഔദ' (റിട്ടേൺ) പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിന് എല്ലാ രാജ്യക്കാർക്കും അവസരമൊരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റീ-എൻട്രി, ഫൈനൽ എക്‌സിറ്റ്, വിസിറ്റ്, ടൂറിസ്റ്റ് വിസകളുള്ളവർക്കെല്ലാം വ്യോമമാർഗം സ്വദേശങ്ങളിലേക്ക് പോകുന്നതിന് അവസരമൊരുക്കുന്ന പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 


തങ്ങളുടെ പൗരന്മാരെ സ്വീകരിക്കാൻ അതത് രാജ്യങ്ങൾ സമ്മതിക്കുന്ന പക്ഷം ജിദ്ദ, റിയാദ്, ദമാം, മദീന അന്താരാഷ്ട്ര എയർപോർട്ടുകൾ വഴിയാണ് വിദേശികൾക്ക് സ്വദേശങ്ങളിലേക്ക് പോകാൻ ക്രമീകരണങ്ങളേർപ്പെടുത്തുകയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിദേശ മന്ത്രാലയം, ഹജ്, ഉംറ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, നാഷണൽ ഇൻഫർമേഷൻ സെന്റർ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, സൗദി അറേബ്യൻ എയർലൈൻസ്, പൊതുസുരക്ഷാ വകുപ്പ്, ജവാസാത്ത് ഡയറകടറേറ്റ്, ജയിൽ വകുപ്പ്, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിദേശികാര്യ വകുപ്പ് എന്നിവ സഹകരിച്ചാണ് 'ഔദ' പദ്ധതി നടപ്പാക്കുന്നത്. 


ഈജിപ്ത്, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ആറു രാജ്യങ്ങളെ മാത്രമാണ് പദ്ധതിയിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത്. ഇന്ത്യ, നൈജീരിയ, തുനീഷ്യ എന്നീ രാജ്യങ്ങളെയും പിന്നീട് പദ്ധതിയിൽ ഉൾപ്പെടുത്തി. ഇതിനു ശേഷമാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിന് എല്ലാ രാജ്യക്കാർക്കും അവസരമൊരുക്കിയിരിക്കുന്നത്. എന്നാൽ സൗദിയിലുള്ള തങ്ങളുടെ പൗരന്മാരെ സ്വീകരിക്കാൻ കൂട്ടാക്കുന്ന രാജ്യങ്ങളിലേക്കു മാത്രമായിരിക്കും 'ഔദ' പദ്ധതി വഴി വിമാന സർവീസുകൾ നടത്തുക. 


പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് അബ്ശിർ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിദേശികളുടെ സൗകര്യം കണക്കിലെടുത്ത് പുതിയ സേവനം ലഭിക്കാൻ അബ്ശിർ പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് ഉണ്ടായിരിക്കൽ നിർബന്ധമല്ല. അബ്ശിർ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് 'ഔദ' എന്ന ഐക്കൺ തെരഞ്ഞെടുത്ത് ഇഖാമ നമ്പർ, ജനന തീയതി, മൊബൈൽ ഫോൺ നമ്പർ, യാത്ര പുറപ്പെടുന്ന (ഡിപ്പാർച്ചർ) നഗരം, അറൈവൽ എയർപോർട്ട് എന്നീ കോളങ്ങൾ പൂരിപ്പിക്കണം. യാത്രാ സമയം, ടിക്കറ്റ് നമ്പർ, ബുക്കിംഗ് വിവരങ്ങൾ എന്നിവ എസ്.എം.എസ് വഴി അറിയിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഉപയോക്താക്കൾ ടിക്കറ്റ് വാങ്ങുകയും യാത്രാ നടപടികൾ പൂർത്തിയാക്കുകയുമാണ് വേണ്ടത്.


 

Latest News