മലപ്പുറം- ജില്ലയിൽ പുതുതായി ആർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. ജില്ല നിലവിൽ ഓറഞ്ച് സോണിൽ തുടരുകയാണ്. രോഗബാധിതരില്ലെങ്കിലും ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണമെന്നും കലക്ടർ പറഞ്ഞു. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ മുതൽ നൂറു പേർക്കു
കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 841 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 14 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 13 പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഒരാളുമാണ് ഐസൊലേഷനിലുള്ളത്. കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ച 785 പേരെ ഇന്നലെ വീടുകളിലെ പ്രത്യേക നിരീക്ഷണത്തിൽ നിന്നൊഴിവാക്കി.
787 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 40 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു. ജില്ലയിൽ കോവിഡ് 19 ബാധിതരായി നിലവിൽ ആരും ചികിത്സയിലില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു. ഇതുവരെ 22 പേർക്കാണ് ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ നാലു മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കേ മരിച്ചത്. 21 പേർക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതിൽ തുടർ ചികിത്സയിലിരിക്കെ ഒരാൾ മരിച്ചു. രണ്ടു പേർ തുടർ നിരീക്ഷണങ്ങൾക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ കഴിയുന്നു. 18 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 59 പേർക്ക് കൂടി കോവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകൾക്ക് ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 2,257 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 35 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.