Sorry, you need to enable JavaScript to visit this website.

അകലമാണ് പുതിയ അടുപ്പം:  ബോധവൽക്കരണത്തിനു ഹ്രസ്വ ചലച്ചിത്രം

ശീലങ്ങൾ മാറണം എന്ന ഹ്രസ്വ ചലച്ചിത്രത്തിൽ ടെലിഫോൺ സംഭാഷണം നടത്തുന്ന ജോജു ജോർജും  എസ്തർ അനിലും 

കൽപറ്റ -കോവിഡ്19 ബോധവൽക്കരണത്തിനു ഹ്രസ്വ ചലച്ചിത്രവുമായി ജനപ്രതിനിധി. വയനാട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അനിൽ കുമാറാണ് ശീലങ്ങൾ മാറണം എന്ന പേരിൽ ഹ്രസ്വ ചലച്ചിത്രം സംവിധാനം ചെയ്തത്. ഇതിന്റെ പ്രകാശനം കഴിഞ്ഞ ദിവസം കൽപറ്റയിൽ  ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. 
സിനിമാ താരങ്ങളായ ജോജു ജോർജ്, എസ്തർ അനിൽ, ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ല, ആർ.ടി.ഒ എം.പി.ജെയിംസ് എന്നിവരാണ് അഞ്ചു മിനിറ്റും 17 സെക്കൻഡും ദൈർഘ്യമുള്ള ചലച്ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. കുറുവ ദ്വീപ് പരിസരം, തരിയോട്, പൊഴുതന, കൽപറ്റ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. 
എസ്തർ അനിലും ജോജു ജോർജുമായുള്ള ടെലിഫോൺ സംഭാഷണത്തിലൂടെയാണ് കോവിഡ്19 ബോധവൽക്കരണം. കൊറോണ വൈറസിനെ  അകറ്റിനിർത്തുന്നതിനു ശീലങ്ങൾ മാറണമെന്നും വ്യക്തികൾ തമ്മിൽ അകലം പാലിക്കുകയാണ് പുതിയ അടുപ്പമെന്നും കഥാപാത്രങ്ങളിലുടെ സംവിധായകൻ പറയുന്നു. ആയുർവേദ ചികിത്സയ്ക്കു വയനാട്ടിലെത്തിയ താൻ കുറെ നല്ല ശീലങ്ങൾ പഠിച്ചതായി എസ്തറുമായുള്ള സംഭാഷണത്തിൽ ജോജു തുറന്നുപറയുന്നു. 


കോവിഡ് വൈറസ് വ്യാപനത്തെത്തുടർന്നു സമൂഹത്തിൽ  പൊടുന്നനെ ഉണ്ടായ മാറ്റങ്ങൾ  ചിത്രത്തിൽ ഹൃദ്യമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.   ഓൺലൈൻ ക്ലാസ്, പോലീസിന്റെ വാഹന പരിശോധന, തൊഴിലിടങ്ങളിലെ സാമൂഹിക അകലം പാലിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിലൂടെ സംവിധായകൻ ശക്തമായ സന്ദേശമാണ് നൽകുന്നത്. അര ലക്ഷം രൂപ ചെലവിൽ അഞ്ചു ദിവസമെടുത്താണ് ജില്ലാ ഭരണകൂടത്തിനു വേണ്ടി ഹ്രസ്വ ചലച്ചിത്രം തയാറാക്കിയതെന്നു ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ അനിൽ കുമാർ പറഞ്ഞു. നവമാധ്യങ്ങൾ, പ്രാദേശിക ചാനലുകൾ തുടങ്ങിയവയിലൂടെ സൃഷ്ടി ജനങ്ങളിലെത്തിക്കാനാണ് പരസ്യചിത്ര നിർമാണ രംഗത്തു  വർഷങ്ങളോളം പ്രവർത്തിച്ചിട്ടുള്ള സംവിധായകന്റെ പദ്ധതി. 

 

 

Latest News