കോട്ടയം - കോവിഡ് രോഗികളെല്ലാം ഡിസ്ചാർജായെങ്കിലും കോട്ടയത്ത് ആശങ്ക പടർത്തി തമിഴ്‌നാട് ലോറികൾ. കോട്ടയം മാർക്കറ്റിൽ ചുമട്ടുതൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചത് തമിഴ്‌നാട്ടിൽ നിന്നുളള തണ്ണിമത്തൻ ലോറി കോട്ടയത്ത് വന്നു മടങ്ങിയശേഷമായിരുന്നു.
ഇതെ തുടർന്നുളള ദിവസങ്ങളിൽ രോഗബാധകൂടിയതോടെയാണ് ഗ്രീൻ സോണിലായ കോട്ടയം റെഡ് സോണിലായത്. ഇന്നലെ തമിഴ്‌നാട്ടിൽ നിന്നെത്തിയ മുട്ട ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാർക്കറ്റിലെ തമിഴ് ലോറികൾ നാട്ടുകാർക്ക് ആശങ്കയുടെ വാഹനങ്ങളായി.
തമിഴ്‌നാട്ടിൽനിന്നു വന്ന ലോറി ഡ്രൈവർക്ക് നാട്ടിലെത്തിയശേഷം കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയിൽ ഇയാളുമായി സമ്പർക്കം പുലർത്തിയ 10 പേരെ രാത്രിയിൽ ക്വാറന്റൈനിലാക്കി. തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നും കോഴിമുട്ടയുമായി എത്തിയ ലോറിയാണ് ഇക്കുറി വില്ലനായത്. ലോറി പോയതിന് പിന്നാലെയാണ് തമിഴ്‌നാട്ടിൽ ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.
ലോറി ഡ്രൈവറുമായി സമ്പർക്കം പുലർത്തിയ അയർക്കുന്നം, സംക്രാന്തി, കോട്ടയം എന്നിവിടങ്ങളിലെ മൂന്നു കടകൾ അടപ്പിച്ചു. സംക്രാന്തിയിൽ രണ്ടു കടകളിലും അയർക്കുന്നത്തും മണർകാടും ഓരോ കടകളിലുമാണ് ലോഡിറക്കിയത്. കോട്ടയം മാർക്കറ്റിൽ രണ്ടിടത്തും. അതേസമയം ഇവിടെയൊന്നും ഡ്രൈവർ പുറത്തിറങ്ങിയില്ല. അതേസമയം കോട്ടയം മാർക്കറ്റ് അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് കലക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു. എന്നാൽ ലോ റിസ്‌ക് പ്രൈമറി വിഭാഗത്തിലാണ് സമ്പർക്കത്തിലുള്ളവരെ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
തമിഴ്നാട്ടിൽ നിന്നും മുട്ടയുമായി കോട്ടയം മാർക്കറ്റിൽ എത്തിയ ലോറി ഡ്രൈവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഡ്രൈവർ നാമക്കൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നിന് രാവിലെയാണ് നാമക്കലിൽ നിന്നും കൂത്താട്ടുകുളം മാർക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തിൽ ലോഡുമായി എത്തിയത്. തുടർന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കിയ ശേഷം പിറ്റേന്ന് തിരികെ പോയി.
യാത്രാമധ്യേ തമിഴ്‌നാട്ടിലെ വെണ്ണണ്ടൂർ ചെക്ക് പോസ്റ്റിൽ വെച്ച് ആരോഗ്യപ്രവർത്തകർ ലോറി ഡ്രൈവറുടെ സാമ്പിൾ ശേഖരിച്ചു. ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂത്താട്ടുകുളത്തെ മുട്ടക്കടയിൽ ആരോഗ്യ വകുപ്പ്, പോലീസ്, അഗ്‌നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ വിവരശേഖരണവും ശുചീകരണവും നടത്തി. മുട്ടക്കട സ്ഥിതിചെയ്യുന്ന കൂത്താട്ടുകുളം ഹൈസ്‌കൂൾ റോഡിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പോലീസ് അടപ്പിച്ചു.അയർകുന്നം, സംക്രാന്തി, കോട്ടയം എന്നിവിടങ്ങളിലെ കടകളിലും ലോറി എത്തി. 10 പേരും പ്രൈമറി ലോ റിസ്‌ക് കോൺടാക്ടുകളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം കോട്ടയം ജില്ലയിൽ ഇന്നലെ ആർക്കും കോവിഡ് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗമുക്തനായ ആരോഗ്യ പ്രവർത്തകനെ കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു. അതിനിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ആറു രോഗികളുടെയും ഫലം നെഗറ്റീവായി. ഇതോടെ കോട്ടയം വീണ്ടും കോവിഡ് മുക്തമാകുകയാണ്. അതേ സമയം കോട്ടയം മാർക്കറ്റിൽ തമിഴ്‌നാട് ലോറി എത്തിയെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
അതേ സമയം മുട്ടലോറി ഡ്രൈവർക്ക് ഒപ്പം സഞ്ചരിച്ച ലോറി ഉടമയുടെ കോവിഡ് ഫലം നെഗറ്റീവായി. തമിഴ്‌നാട്ടിലാണ് പരിശോധന നടത്തിയത്.