റോഹിങ്ക്യ അഭയാര്‍ത്ഥികളെ നാടുകടത്താനൊരുങ്ങുന്ന കേന്ദ്രം ചക്മ ബുദ്ധ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങുന്നു

ന്യൂദല്‍ഹി- മ്യാന്‍മര്‍ സര്‍ക്കാരിന്റെ നിരന്തര പീഡനം മൂലം അഭയം തേടി ഇന്ത്യയിലെത്തിയ 40,000-ഓളം റോഹിങ്ക്യ മുസ്ലിം അഭയാര്‍ത്ഥികളെ സുരക്ഷാ കാരണം പറഞ്ഞ് നാടുകടത്താനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു അഭയാര്‍ത്ഥി വിഭാഗത്തിന് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന കാര്യം സജീവമായി പരിഗണിക്കുന്നു. കിഴക്കന്‍ പാക്കിസ്ഥാനായിരുന്ന ഇപ്പോഴത്തെ ബംഗ്ലാദേശില്‍ നിന്നും 1960-കളില്‍ പീഡനം മൂലം അഭയം തേടി ഇന്ത്യയിലെത്തിയ ചക്മ ബുദ്ധമത വിഭാഗത്തിനാണ് പൗരത്വം നല്‍കുന്ന കാര്യം ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് വിപുലമായ യോഗം വിളിച്ചു ചേര്‍ത്തു.

 

പ്രധാനമായും അരുണാചല്‍ പ്രദേശിലാണ് ചക്മ ബുദ്ധ അഭയാര്‍ത്ഥികള്‍ തമ്പടിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍, ത്രിപുര, അസാം, മിസോറാം, മേഘാലയ എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഈ അഭയാര്‍ത്ഥി വിഭാഗം പരന്നു കിടക്കുന്നു. ബംഗ്ലാദേശിലെ ചിറ്റഗോങ് മലയോര മേഖലയിലും മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ഈ ബുദ്ധിസ്റ്റ് അഭയാര്‍ത്ഥികളുടെ സാന്നിധ്യമുണ്ട്.

 

ചക്മ ബുദ്ധിസ്റ്റ് അഭയാര്‍ത്ഥികളും ഹജോങ് ഹിന്ദു അഭയാര്‍ത്ഥികളും ഇപ്പോള്‍ മിസോറാമിന്റെ ഭാഗമായ ലുശായ് ഹില്‍സ് വഴിയാണ് ഇന്ത്യയിലെത്തിയത്. 1964-69 കാലഘട്ടത്തില്‍ 5000 ആയിരുന്ന ഇവരുടെ ജനസംഖ്യ ഇപ്പോള്‍ ഒരു ലക്ഷമായി വര്‍ധിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഇവരില്‍ എല്ലാവരും യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തവരല്ല. അഭയാര്‍ത്ഥികളായതിനാല്‍ പരിമിതമായ അവകാശങ്ങളെ ഉള്ളൂ. 'അസാമിലും വടക്കു കിഴക്കന്‍ മേഖലയിലിലുമുണ്ടായ വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങളില്‍പ്പെട്ട ഇവര്‍ക്ക് നഷ്ടപരിഹാരവും ലഭിക്കുന്നില്ല. തിരിച്ചറിയല്‍ രേഖകളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കില്ല. സര്‍ക്കാരിന്റേയും മാധ്യമങ്ങളുടേയും കണ്ണില്‍പ്പെടാത്ത ഇവര്‍ അന്യരായി തുടരുകയാണ്. ഇന്ത്യയോ ബംഗ്ലാദേശോ ഇവരെ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായവും ലഭിക്കുന്നില്ല,' ഇവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ വേള്‍ഡ് വിഷന്‍ ഇന്ത്യയുടെ ഡയറക്ടര്‍ കുനാല്‍ ഷാ പറയുന്നു.

 

2015-ല്‍ ചക്തമ ബുദ്ധിസ്റ്റ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധിപുനപ്പരിശോധിക്കണമെന്ന് അരുണാചല്‍ പ്രദേശിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു. ചക്മ അഭയാര്‍ത്ഥികളെ ഇന്തയന്‍ പൗരന്‍മാരായി അംഗീകരിച്ചാല്‍ അത് അരുണാചലിന്റെ ജനസംഖ്യാ വിന്യാസത്തില്‍ വലിയ മാറ്റമുണ്ടാകുമെന്ന് സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പേമ ഖണ്ഡു ഇന്ന് രാജ്‌നാഥ് സിങുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു. 

 

ചക്മകളെ ഇന്ത്യക്കാരായി പരിഗണിച്ചാല്‍ സംസ്ഥാനത്തെ തദ്ദേശീയരായ ജനവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുമെന്നും തദ്ദേശീയര്‍ ന്യൂനപക്ഷമായി മാറുകയും സര്‍ക്കാര്‍ തൊഴിലവസരങ്ങളും മറ്റും നഷ്ടപ്പെടുമെന്നുമാണ് ഇതിനെതിരെ രംഗത്തു വന്ന വിദ്യാര്‍ത്ഥി സംഘടനകളും മറ്റും ഗ്രൂപ്പുകളും ആരോപിക്കുന്നത്.

 

ഇതിനു പരിഹാരമായി ഭൂമിയില്‍ ഉടമസ്ഥാവകാശമില്ലാതെ ചക്മകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യമാണ് പരിഗണിക്കുന്നതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. പ്രധാനമായും വിദൂര പ്രദേശങ്ങളിലും വനമേഖലകളിലും കഴിയുന്ന ഇവര്‍ക്ക് തദ്ദേശീയരായ അരുണാചലുകാര്‍ എത്തിപ്പെടാത്ത ഇടങ്ങളില്‍ ഭൂമി അവകാശ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.

 

 

Latest News