Sorry, you need to enable JavaScript to visit this website.

ഇസ്‌ലാമോഫോബിയ; ഇന്ത്യക്കാരനെതിരെ നടപടിയെടുത്ത് കാനഡ

കാനഡ- മുസ്‌ലിംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്ക് എതിരെ അറേബ്യന്‍ രാജ്യങ്ങളുടെ പാതയില്‍ നടപടി സ്വീകരിച്ച് കാനഡയും.മുസ്‌ലിംങ്ങളെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്തതിന് ഇന്ത്യക്കാരന് നേരെയാണ് അധികൃതര്‍ നടപടിയെടുത്തത്. രവി ഹൂഡ എന്ന ഇന്ത്യക്കാരനെ ഇയാളുടെ വിദ്വേഷ ട്വീറ്റിനെ തുടര്‍ന്ന് കാനഡയിലെ സ്‌കൂള്‍ ബോഡിയില്‍ നിന്ന് പിരിച്ചുവിട്ടു. കൂടാതെ കാനഡയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി ഇയാളുമായുള്ള കരാറും റദ്ദാക്കിയിട്ടുണ്ട്.  കൊറോണ കാരണം പള്ളിയില്‍ ഒത്തുകൂടാന്‍ വിശ്വാസികള്‍ക്ക് സാധിക്കാത്തതിനാല്‍, ടൊറന്റോയിലെ നിരവധി മുന്‍സിപ്പാലിറ്റികള്‍  ഇഫ്താര്‍ സമയത്ത് പള്ളികളില്‍ നിന്ന് ഉച്ചഭാഷിണിയില്‍ ബാങ്ക് കൊടുക്കാന്‍ അനുമതി നല്‍കിയിരുന്നു. ബ്രാംപ്റ്റണിലും ഇതേ രീതി അനുവദിച്ചു കൊടുത്തിട്ടുണ്ട്. എന്നാല്‍ രവി ഹൂഡ മുസ്‌ലിംകളെയും അവരുടെ വിശ്വാസ രീതികളെയും പരിഹസിച്ച് രംഗത്തെത്തുകയായിരുന്നു.

'അടുത്തതെന്താണ്? ഒട്ടകത്തെയും ആടിനെയും കൊണ്ടു നടക്കാന്‍ പുതിയ വഴി, ത്യാഗത്തിന്റെ പേരില്‍ മൃഗങ്ങളെ വീടുകളില്‍ കൊല്ലുക, വോട്ടുകള്‍ക്കായി വിഡ്ഢികളെ സന്തോഷിപ്പിക്കുന്നതിന് നിയമപ്രകാരം അടിമുതല്‍ മുടിവരെ സ്ത്രീകളോട് മറച്ച് നടക്കാന്‍ പറയുക. ഇതൊക്കയാവും,'എന്ന് രവി ഹൂഡ ട്വീറ്റ് ചെയ്തു

ഹൂഡയുടെ ട്വീറ്റ് കാനഡയില്‍ ഉടനീളം വന്‍ ചര്‍ച്ചയായി. പുരോഗമന മൂല്യങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന കാഡന പോലെ ഒരു പ്രദേശത്ത് ഇത്തരം ഇസ്‌ലാമോഫോബിക് ആയ പ്രസ്താവന നടത്തിയതില്‍ ആളുകള്‍ വന്‍ വിമര്‍ശനമാണ് നടത്തിയത്. രവി ഹൂഡയെ സ്‌കൂള്‍ കൗണ്‍സില്‍ ചെയര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതായി ബ്രാംപ്ടണിലെ പീല്‍ ഡിസ്ട്രിക് സ്‌കൂള്‍ ബോര്‍ഡ് അറിയിച്ചു. കാനഡയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വന്‍കിട കമ്പനിയായ റിമാക്‌സ് കാനഡ രവി ഹൂഡയുമായുള്ള കരാര്‍ റദ്ദാക്കുന്നതായും അറിയിച്ചു. വിവിധ സംസ്‌കാരങ്ങളും വൈവിധ്യവും തങ്ങളുടെ കമ്മ്യൂണിറ്റികളിലെ ഏറ്റവും വലിയ ഗുണങ്ങളാണെന്നും ഈ മൂല്യങ്ങള്‍ എല്ലാ മേഖലയിലും തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അറിയിച്ചു.
 

Latest News