സമ്പദ് വ്യവസ്ഥ തുറന്നാൽ അമേരിക്കയിൽ കൂടുതൽ പേർ മരിച്ചേക്കും-ട്രംപ് 

ന്യൂയോർക്ക്- അമേരിക്കയിൽ വ്യവസായ സ്ഥാപനങ്ങളടക്കം സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതൽ പേർക്ക് ജീവൻ നഷ്ടമാകുമെന്ന് സമ്മതിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സാമൂഹിക അകലം പാലിക്കാനുള്ള നിർദേശം എടുത്തുകളയുകയും അടച്ചുപൂട്ടിയ സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുകയും ചെയ്യുമ്പോൾ മരണസംഖ്യ വീണ്ടും ഉയരില്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ചിലത് ഉണ്ടാവാൻ സാധ്യതയുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി. അതേ സമയം മാസ്‌ക് നിർമിക്കുന്ന ഫാക്ടറി സന്ദർശിക്കുന്ന വേളയിലും മാസ്‌ക് ധരിക്കാൻ ട്രംപ് വിസമ്മതിച്ചു. മാസ്‌ക് ധരിക്കില്ലെന്ന നേരത്തെയുള്ള അഭിപ്രായത്തിൽ ഉറച്ചുനിന്ന ട്രംപ് സുരക്ഷാ കണ്ണട ധരിക്കാൻ തയ്യാറായി. നിങ്ങളെ ഒരു അപ്പാർട്ട്‌മെന്റിലോ വീട്ടിലോ മറ്റെവിടെയെങ്കിലോ പൂട്ടിയിടുകയില്ലെന്നും ഫാക്ടറി സന്ദർശനത്തിനിടെ ട്രംപ് പറഞ്ഞു. ഹരിസോണയിലെ ഫീനിക്‌സിലെ ഹണിവെൽ കമ്പനിയിലാണ് ട്രംപ് സന്ദർശനം നടത്തിയത്. ലോക്ഡൗൺ ആരംഭിച്ചതിന് ശേഷം ട്രംപ് നടത്തുന്ന ആദ്യപ്രധാന യാത്രയിലാണ് സന്ദർശനം.

Latest News