എംബസിയുടെ പേരില്‍ തട്ടിപ്പുകാർ വിളിക്കുന്നു; കുരുക്കില്‍ വീഴല്ലേ..

ജിദ്ദ- നാട്ടിലേക്ക് പോകാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രവാസികളെ ഫോണില്‍ വിളിച്ച് തട്ടിപ്പ് നടത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. യാത്രക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വിമാനയാത്രാക്കൂലി നിശ്ചിത അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും പറഞ്ഞാണത്രെ തട്ടിപ്പിനുള്ള ശ്രമം. എംബസിയില്‍നിന്നാണെന്ന് പറഞ്ഞാണ് ഫോണ്‍ വിളി.

ഒരു യാത്രക്കാരനോടും പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ എംബസിയോ കോണ്‍സുലേറ്റുകളോ ആവശ്യപ്പെട്ടിട്ടില്ല. വിമാനടിക്കറ്റ് നിരക്ക് എങ്ങനെയാണ് ഈടാക്കേണ്ടത് എന്നത് സംബന്ധിച്ച് ബുധനാഴ്ച മാത്രമേ അന്തിമ തീരുമാനമാകൂ. എയര്‍ലൈന്‍ ഓഫീസുകളില്‍ അടക്കണോ, വിമാനത്താവളത്തില്‍ നേരിട്ട് നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
യു.എ.ഇയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസില്‍നിന്നാണ് ടിക്കറ്റ് വാങ്ങേണ്ടത്. ഓണ്‍ലൈനിലോ മറ്റ് ട്രാവല്‍സുകളിലോ ടിക്കറ്റ് ലഭ്യമാവില്ല.
ടിക്കറ്റ് നിരക്കല്ലാതെ മറ്റ് സാമ്പത്തിക ബാധ്യതകളൊന്നും യാത്രക്കാര്‍ക്ക് ഇല്ല താനും. ഇത്തരം ഫോണ്‍കോളുകള്‍ കരുതിയിരിക്കണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. എംബസിയില്‍ നല്‍കിയ രജിസ്ട്രഷന്‍ പ്രകാരം യാത്രക്കാരെ നേരിട്ട് വിളിച്ച് വിവരം പറയും. ഇ മെയിലും പരിശോധിച്ചുകൊണ്ടിരിക്കുക.

 

Latest News