കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി രണ്ടു മാസമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. നേരത്തെ രണ്ടു തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിന് ലഭിക്കുന്ന അവസാന അവസാന അവസരാമാകും ഇത്. കേസ് അന്വേഷണത്തിന്റെ പ്രധാനഘട്ടം പിന്നിട്ട സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ജാമ്യ ഹര്‍ജി നല്‍കുക. ഇത്തവണ കൂടി ജാമ്യം നിഷേധിക്കപ്പെട്ടാല്‍ വിചാരണ തടവുകാരാനായി ദിലീപിനു ജയിലില്‍ തന്നെ കഴിയേണ്ടി വരും. നേരത്തെ ജാമ്യം നിഷേധിച്ച ബെഞ്ചു തന്നെയാണ് ഈ ഹര്‍ജിയും പരിഗണിക്കുക. കേസില്‍ അന്വേഷണം 90 ദിവസം പൂര്‍ത്തിയാകുന്ന ഒക്ടോബര്‍ 16-നു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. നടിയെ ആക്രമിക്കുന്നതിനു മുമ്പ് നാദിര്‍ഷയില്‍ നിന്ന് 25000 രൂപ കൈപ്പറ്റി എന്ന കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ (പള്‍സര്‍ സുനി) വെളിപ്പെടുത്തല്‍ പുറത്തു വന്ന സാഹചര്യത്തില്‍ നാദിര്‍ഷയെ ഉടന്‍ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പോലീസ്.
കേസില്‍ പങ്കാളിയല്ലെന്നും മുന്‍പു നടന്ന സുദീര്‍ഘ ചോദ്യം ചെയ്യലിലൂടെ ഇക്കാര്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ടെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷ ഹൈക്കോടതിയില്‍ അറിയിച്ചത്. പൊലീസ് നിര്‍ബന്ധച്ചാണ് പള്‍സര്‍ സുനിയെ കൊണ്ട് തനിക്കെതിരായ ആരോപണം പറയിച്ചതെന്നും നാദിര്‍ഷ ചൂണ്ടിക്കാട്ടുന്നു.