Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ അഴിമതി കേസിൽ പതിനാറു പേർക്ക് തടവും പിഴയും

റിയാദ് - മൂന്നു അഴിമതി കേസുകളിൽ പ്രതികളായ പതിനാറു പേരെ കോടതി ശിക്ഷിച്ചതായി കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു. ഇവർക്ക് ആകെ 39 വർഷവും 10 മാസവും തടവും 31,65,000 റിയാൽ പിഴയുമാണ് കോടതി വിധിച്ചത്. ആദ്യ കേസിൽ പന്ത്രണ്ടു പ്രതികളാണുള്ളത്. പൊതുമുതൽ പാഴാക്കൽ, അധികാര ദുർവിനിയോഗം, കൈക്കൂലി, വ്യാജ രേഖാ നിർമാണം, പണം വെളുപ്പിക്കൽ, കുറ്റവാളികളെ സഹായിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർ നടത്തിയത്. ഇക്കൂട്ടത്തിൽ അഞ്ചു പേർ എൻഫോഴ്‌സ്‌മെന്റ് കോടതി ഉദ്യോഗസ്ഥരും ഒരാൾ നോട്ടറി പബ്ലിക് ഉദ്യോഗസ്ഥനും ആണ്. 
എൻഫോഴ്‌സ്‌മെന്റ് കോടതി അക്കൗണ്ടിൽ നിന്ന് ആറര കോടി റിയാൽ പിൻവലിച്ച കേസിലാണ് ഇവരെ കോടതി ശിക്ഷിച്ചത്. പ്രതികളിൽ ഒരാൾക്ക് പതിനൊന്നര വർഷം തടവാണ് ശിക്ഷ. പന്ത്രണ്ടു പേർക്കും കൂടി ആകെ 22 വർഷവും 10 മാസവും തടവാണ് കോടതി വിധിച്ചത്. ഇവർക്ക് ആകെ 10,25,000 റിയാൽ പിഴയും ചുമത്തി. എൻഫോഴ്‌സ്‌മെന്റ് കോടതി അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്ത ആറര കോടി റിയാൽ പ്രതികൾ തിരിച്ചടയ്ക്കണമെന്നും വിധിയുണ്ട്. 


റിയാദ് പ്രവിശ്യയിൽ പെട്ട മജ്മ കിംഗ് ഖാലിദ് ആശുപത്രിയുടെ പദ്ധതി നടപ്പാക്കിയ വകയിൽ സർക്കാറിൽ നിന്ന് ലഭിക്കാനുള്ള വിഹിതം വിതരണം ചെയ്യുന്നതിന് പകരം കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെടുകയും വ്യക്തിതാൽപര്യത്തിനു വേണ്ടി കരാർ മുതലെടുക്കുകയും പൊതുമുതൽ പാഴാക്കുകയും ചെയ്ത കേസിൽ റിയാദ് ആരോഗ്യ വകുപ്പിലെ രണ്ടു ഉദ്യോഗസ്ഥരെയും കോടതി ശിക്ഷിച്ചു. ആകെ 60 ലക്ഷം റിയാലിന്റെ ജോലികളാണ് കരാറുകാരൻ മജ്മ കിംഗ് ഖാലിദ് ആശുപത്രിയിൽ പൂർത്തിയാക്കിയത്. എന്നാൽ കരാറുകാരന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ 2.3 കോടി റിയാൽ വിതരണം ചെയ്തു. 
അഴിമതി കേസ് കണ്ടെത്തുന്നതിനു മുമ്പായി ഇതേക്കുറിച്ച് കരാറുകാരനും കമ്പനിയിലെ മറ്റൊരു ഉദ്യോഗസ്ഥനുമാണ് കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റിക്ക് വിവരം നൽകിയത്. ഈ കേസിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് ഏഴര വർഷം തടവും 11,20,000 റിയാൽ പിഴയും രണ്ടാമത്തെ ഉദ്യോഗസ്ഥന് ആറര വർഷം തടവും 10,20,000 റിയാൽ പിഴയും കോടതി വിധിച്ചു. 


രണ്ടര ലക്ഷം റിയാൽ കൈക്കൂലി സ്വീകരിച്ച് അനധികൃത രീതിയിൽ എൻജിനീയറിംഗ് കൺസൾട്ടൻസി ഓഫീസിന് ക്വാളിഫിക്കേഷൻ ലൈസൻസ് അനുവദിച്ച റിയാദ് നഗരസഭാ ഉദ്യോഗസ്ഥനെയും ഇയാൾക്ക് കൈക്കൂലി നൽകിയ എൻജിനീയറിംഗ് കൺസൾട്ടൻസി ഓഫീസ് ഉടമയെയും കോടതി ശിക്ഷിച്ചു. ഇരുവർക്കും ഒന്നര വർഷം വീതം തടവാണ് കോടതി വിധിച്ചത്. ഇവർക്ക് പിഴ ചുമത്തിയിട്ടുമുണ്ടെന്ന് കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു. 

 

Latest News