റിയാദ് - വിറ്റ സാധനങ്ങൾ മടക്കിയെടുക്കുകയോ മാറ്റിനൽകുകയോ ചെയ്യില്ല എന്ന വ്യവസ്ഥ റദ്ദാക്കാൻ നഗരസഭകൾക്കും ബലദിയകൾക്കും വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി നിർദേശം നൽകി. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലെന്നോണമാണ് വിറ്റ സാധനങ്ങൾ മടക്കിയെടുക്കുകയോ മാറ്റിനൽകുകയോ ചെയ്യില്ല എന്ന വ്യവസ്ഥ നഗരസഭകൾ നേരത്തേ ബാധകമാക്കിയത്. ഇക്കാര്യം അറിയിച്ച് വ്യാപാര കേന്ദ്രങ്ങൾക്കും സ്ഥാപനങ്ങൾക്കും ഷോപ്പിംഗ് മാളുകൾക്കും നഗരസഭകൾ സർക്കുലർ നൽകിയിരുന്നു.
ഇത് ശ്രദ്ധയിൽ പെട്ടാണ് ഈ വ്യവസ്ഥ റദ്ദാക്കാൻ വാണിജ്യ മന്ത്രി നഗരസഭകൾക്ക് നിർദേശം നൽകിയത്. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി വിറ്റ സാധനങ്ങൾ മടക്കിയെടുക്കുകയോ മാറ്റിനൽകുകയോ ചെയ്യില്ല എന്ന വ്യവസ്ഥ നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടില്ല എന്നും വാണിജ്യ മന്ത്രി വ്യക്തമാക്കി. വിറ്റ സാധനങ്ങൾ മടക്കിനൽകാനും മാറ്റിയെടുക്കാനുമുള്ള സ്വാതന്ത്ര്യം ഉപയോക്താക്കളുടെ ആധികാരിക അവകാശമാണ്. മടക്കിനൽകുന്ന സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മുൻകരുതൽ നടപടികൾ വിശദീകരിച്ചു നൽകി ഈ അവകാശം നിലനിർത്തണമെന്നും ഡോ. മാജിദ് അൽഖസബി നഗരസഭകളോട് നിർദേശിച്ചു.






