നജ്‌റാൻ - നജ്‌റാൻ പ്രവിശ്യയിൽ കൊറോണ വ്യാപനം പ്രതികൂലമായി ബാധിച്ചവർക്ക് ധനസഹായം നൽകുന്നതായി പരസ്യം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തതായി നജ്‌റാൻ ഗവർണറേറ്റ് അറിയിച്ചു. ധനസഹായം ആവശ്യമുള്ളവർ തങ്ങളുടെ പൂർണ വിവരങ്ങൾ കൈമാറണമെന്നാണ് പരസ്യത്തിലൂടെ പ്രതി ആവശ്യപ്പെട്ടത്. പരസ്യം ശ്രദ്ധയിൽ പെട്ടയുടൻ സുരക്ഷാ വകുപ്പുകൾ അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നിയമ നടപടികൾക്ക് പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ആളുകളെ കബളിപ്പിക്കുന്ന ഇത്തരം വ്യാജ പരസ്യങ്ങളുമായി പ്രതികരിക്കരുതെന്ന് നജ്‌റാൻ ഗവർണറേറ്റ് എല്ലാവരോടും ആവശ്യപ്പെട്ടു. സഹായങ്ങൾ നൽകാനുള്ള ഏതു തീരുമാനവും ഔദ്യോഗിക മാർഗങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്നും ഗവർണറേറ്റ് പറഞ്ഞു.